സി.എൻ.ജി പമ്പുകൾ അതിമന്ദം 'ക്യൂ' ദൂരം; മണിക്കൂറുകൾ ക്യൂ നിൽക്കണം

Sunday 07 July 2024 12:00 AM IST

തിരുവനന്തപുരം: കുറഞ്ഞ വില, കൂടിയ ഇന്ധനക്ഷമത, പരിസ്ഥിതി സൗഹൃദം തുടങ്ങി മേന്മകളേറെയെങ്കിലും കേരളത്തിൽ സി.എൻ.ജി വ്യാപനം മന്ദഗതിയിൽ. ആവശ്യത്തിന് പമ്പുകളില്ലാത്തത് മിക്കയിടത്തും വാഹന ഉടമകളെ വലയ്ക്കുന്നു. പമ്പുള്ളിടത്ത് സ്റ്റോക്കില്ലാതാകുന്നതും ഇന്ധനം ലഭിക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരുന്നതും ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരെ സി.എൻ.ജിയിൽനിന്ന് പിന്തിരിപ്പിക്കുന്ന സ്ഥിതിയായി.

പെട്രോൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വാതകമായ കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ് ഉപയോഗിക്കണമെന്നാണ് ഹരിത ട്രൈബ്യൂണലും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ആഹ്വാനംചെയ്തിരുന്നത്. അതനുസരിച്ച് നിരവധിപേർ സി.എൻ.ജി വാഹനത്തിലേക്ക് മാറിയിരുന്നു. എന്നാൽ,​ സി.എൻ.ജി ഉപയോഗിച്ചുള്ള ഒരു ബസ് മാത്രമാണ് കെ.എസ്.ആർ.ടി.സി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യൻ ഓയിൽ- അദാനി പ്രൈവറ്റ് ലിമിറ്റഡും (ഐ.ഒ.എ.ജി.പി.എൽ) സിംഗപ്പൂർ ആസ്ഥാനമായുള്ള എ.ജി ആൻഡ് പി പ്രഥം ഗ്രൂപ്പുമാണ് കേരളത്തിൽ സി.എൻ.ജി വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ എ.ജി ആൻഡ് പി ഗ്രൂപ്പും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഐ.ഒ.എ.ജി.പി.എല്ലുമാണ് സി.എൻ.ജി പമ്പുകൾ നിയന്ത്രിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള വിതരണത്തിനായി ഷോള ഗ്യാസ്കോ ലിമിറ്റഡ് പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് റഗുലേറ്ററി ബോർ‌ഡിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ടെങ്കിലും മൂന്ന് പമ്പുകൾ മാത്രമാണ് തുടങ്ങിയത്. 5 പമ്പുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

ഓരോ 25 കി.മീ പരിധിക്കുള്ളിൽ ഒരു പമ്പ് വീതം സ്ഥാപിക്കാനാണ് ഐ.ഒ.സി ലക്ഷ്യമിട്ടത്. രണ്ടു വർഷത്തിനുള്ളിൽ 200 പമ്പുകൾ സ്ഥാപിക്കുമെന്നും ചീഫ് ജനറൽ മാനേജർ 2020ൽ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ അഞ്ചു പമ്പുകൾ വീതം സ്ഥാപിക്കുന്നതിന് പെട്രോളിയം കമ്പനികളും ഗെയിൽ ഉദ്യോഗസ്ഥരും സംസ്ഥാന ഗതാഗത കമ്മിഷണറുമായി കഴിഞ്ഞ വർഷം ധാരണയായിരുന്നു. ഇതൊന്നും കാര്യക്ഷമമായില്ല.

ചെലവ് കൂടുതൽ,​ ലഭ്യത കുറവ്

പെട്രോൾ,​ ഡീസൽ പമ്പുകളേക്കാൾ ചെലവേറിയതാണ് സി.എൻ.ജി പമ്പുകൾ. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രകാരം കൊച്ചിവരെ പ്രകൃതിവാതകം ലഭ്യമാണെങ്കിലും മറ്റിടങ്ങളിലേക്ക് റോഡ് മാർഗ്ഗം എത്തിക്കേണ്ട സ്ഥിതിയാണിപ്പോഴും. തിരുവനന്തപുരത്ത് ആനയറയിൽ സി.എൻ.ജി,​ എൽ.എൻ.ജി വിതരണത്തിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംയോജിത ഇന്ധന വിതരണ കേന്ദ്രം സ്ഥാപിക്കുന്നതിന് നിർമ്മാണം നടക്കുന്നുണ്ടെങ്കിലും പൂ‌ർത്തിയായിട്ടില്ല.

സി.എൻ.ജി പമ്പുകൾ

തിരുവനന്തപുരം-13

കൊല്ലം- 6

ആലപ്പുഴ-15

എറണാകുളം-14

പാലക്കാട്,​ തൃശൂർ- 44

മലപ്പുറം- 25

കോഴിക്കോട്,​ വയനാട്- 30

കണ്ണൂർ- കാസർകോട്- 21

സി.എൻ.ജി മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾ : 35,264

പെട്രോൾ, ഡീസൽ, ബയോ സി.എൻ.ജി മിക്സ് വാഹനങ്ങൾ: 26,953