കാപ്പ പ്രതി സി.പി.എമ്മിൽ; ന്യായീകരിച്ച് നേതൃത്വം

Sunday 07 July 2024 12:58 AM IST

പത്തനംതിട്ട : കാപ്പ അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും യുവമോർച്ച ഭാരവാഹിയുമായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ റിമാൻഡ് കഴിഞ്ഞതിന് പിന്നാലെ സി.പി.എമ്മിൽ ചേർന്നതിനെ ന്യായീകരിച്ച് ജില്ലാ നേതൃത്വം.

ശരൺചന്ദ്രനെതിരെ കഴിഞ്ഞ വർഷം കാപ്പ ചുമത്തിയിരുന്നു. നാടുകടത്താതെ കാപ്പ 15(3) പ്രകാരം താക്കീത് നൽകി വിടുകയായിരുന്നു. അതിനുശേഷം പത്തനംതിട്ട സ്‌റ്റേഷനിൽ ഒരു ക്രിമിനൽ കേസിൽ പ്രതിയായി. അതോടെ കാപ്പ ലംഘിച്ചെന്ന പേരിൽ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു. കോടതിക്ക് പുറത്തുവച്ചു തന്നെ പത്തനംതിട്ട പൊലീസ് പിടികൂടി റിമാൻഡ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച മന്ത്രി വീണാജോർജ് അടക്കം പങ്കെടുത്ത സമ്മേളനത്തിലാണ് ശരൺ ചന്ദ്രനുൾപ്പെടെ 60 പേർ സി.പി.എമ്മിൽ ചേർന്നത്. വാർത്തയായതോടെ സി. പി. എം ന്യായീകരണക്കുറിപ്പിറക്കി.

കുമ്പഴ, മലയാലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് പാർട്ടിയിൽ ചേർന്നവരെക്കുറിച്ച് കള്ളപ്രചരണം നടത്തുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രസ്താവന ഇറക്കി. നാല് പഞ്ചായത്തിലെ യുവമോർച്ച ഭാരവാഹിയായിരുന്നു ശരൺ. രാഷ്ട്രീയ കേസുകൾ മാത്രമാണ് ഇയാൾക്കെതിരെയുള്ളത്. വ്യാജ പ്രചാരണത്തിനെതിരെ ശരൺ ചന്ദ്രൻ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിലുണ്ട്.

വർഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞാണ് ഒരുസംഘം യുവാക്കൾ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം എത്തിയത്. ഒരാൾക്കെതിരെ കാപ്പ ചുമത്തി എന്നത് തെറ്റായ വാർത്തയാണ്. കാപ്പ ചുമത്തിയാൽ ജില്ലയിൽ താമസിക്കാൻ പറ്റില്ല.

കെ.പി.ഉദയഭാനു,

സി.പി.എം ജില്ലാ സെക്രട്ടറി

Advertisement
Advertisement