അയലയും മത്തിയും ഔട്ട്, പകരക്കാരെ കണ്ടെത്തി വള്ളക്കാര്‍; ഇനി ഊണ് ഉഷാറാകും

Sunday 07 July 2024 12:01 AM IST

കൊച്ചി: ട്രോളിംഗ് നിരോധനത്തിൽ വലിയ ബോട്ടുകൾ കരയ്ക്ക് കയറ്റിയിടുന്നതോടെ ചെറുവള്ളങ്ങൾക്ക് ചാകര. അയലയെയും മത്തിയെയും കടത്തിവെട്ടി ചെമ്മീനും കൊഴുവയുമാണ് താരങ്ങൾ..! ട്രോളിംഗ് നിരോധനം 31ന് അവസാനിക്കാനിരിക്കെ വള്ളക്കാർക്ക് ചെമ്മീനും കൊഴുവയും ലഭിച്ചത് ആശ്വാസമായി. ഹാർബറുകളിലെ ലേലത്തറകളിൽ ചെമ്മീനും കൊഴുവയ്ക്കും ആവശ്യക്കാരും ഏറെയാണ്.

ജൂൺ ഒമ്പതിന് ട്രോളിംഗ് ആരംഭിച്ച് പകുതി ദിനങ്ങൾ പിന്നിട്ടപ്പോൾ മുതൽ പല വലിപ്പത്തിൽ പല പേരുകളിലുള്ള ചെമ്മീനും കൊഴുവയുമാണ് വള്ളങ്ങളിലെ മീൻപിടിത്തക്കാർക്ക് ലഭിക്കുന്നത്. അയലയും മത്തിയുമെല്ലാം കിട്ടുന്നുണ്ടെങ്കിലും അളവ് കുറഞ്ഞെന്ന് കാളമുക്ക് ഹാർബറിലെ മത്സ്യവ്യാപാരികൾ പറയുന്നു.

ലേലം അഞ്ച് കിലോ മുതൽ

അഞ്ച് കിലോയ്ക്ക് മുകളിലേക്കാണ് ഹാർബറുകളിലെ ലേലം. പുലർച്ചെ മുതൽ ലേലം തുടങ്ങും. ചെറുകിട കച്ചവടക്കാർ നേരിട്ടെത്തിയാണ് ലേലം വിളിക്കുക. ഓരോ ദിവസവും അടിസ്ഥാന ലേലത്തുക വ്യത്യസ്തമാകും. പലപ്പോഴും ലേലം ആവേശത്തിലെത്തും. പൂവാലൻ ചെമ്മീൻ, നാരൻ ചെമ്മീൻ അങ്ങനെ പലതരത്തിലുള്ള ചെമ്മീന് പലവില.

അടിസ്ഥാന ലേലത്തുക

  • 130-150 മുതൽ 350 വരെ.
  • ലേലം കൊള്ളുന്നത് 150, 200.
  • മത്തിക്ക് ലേലത്തറയിലെ വില 230-240.
  • അയലയ്ക്ക് 240.


വള്ളങ്ങളുടെ ആഘോഷക്കാലം

ബോട്ടുകൾക്ക് നിയന്ത്രണമുള്ളതിനാൽ ഇൻബോർഡ്, കാരിയർ, ഫൈബർ വള്ളങ്ങളാണ് മീനുകളുമായി ഹാർബറിലെത്തുന്നത്. ഇൻബോർഡ് വള്ളങ്ങളിൽ ആകെ 40 ലേറെപ്പേർ പണിക്കാരുള്ളപ്പോൾ കാരിയറിലും ചെറുവള്ളങ്ങളിലും അഞ്ചും ആറും പണിക്കാരാണുള്ളത്. ഇൻബോർഡ് വള്ളങ്ങളിൽ നിന്ന് മീനുകളെത്തിക്കാൻ കാരിയർ വള്ളങ്ങളാണ് ഉപയോഗിക്കുന്നത്. 80ലേറെ വള്ളങ്ങൾ കാളമുക്ക് ഹാർബറുകളിൽ ഇത്തരത്തിൽ എത്തുന്നുണ്ട്.

Advertisement
Advertisement