വില്‍പ്പന ഒമ്പത് ഇരട്ടി തുകയ്ക്ക്, കേരളത്തിലെ സാഹചര്യം മുന്‍കൂട്ടിക്കണ്ട് തമിഴര്‍ കൊയ്യുന്നത് കോടികള്‍

Sunday 07 July 2024 12:31 AM IST

തിരുവനന്തപുരം: ഇത്തവണത്തെ ഓണസദ്യയ്ക്ക് വിളമ്പുന്ന വറ്റലുകള്‍ക്കും ശര്‍ക്കര വരട്ടിക്കുമുള്ള വാഴയ്ക്കാകള്‍ തമിഴ്‌നാട്ടില്‍ പാകമാകുന്നു. ഓണം അടുക്കുന്നതോടെ വറ്റലുകള്‍ക്കായി നാടന്‍ കായ്കള്‍ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ഇവ കിട്ടാനില്ല. ആകെയുള്ളത് നമ്മുടെ അയല്‍ സംസ്ഥാനത്തെ പാടങ്ങളില്‍ കായ്ച വാഴക്കുലകള്‍ മാത്രമാണ്. ശക്തമായ ചൂടില്‍ കരിഞ്ഞുണങ്ങിയവയും പിന്നീടുവന്ന മഴയില്‍ ഒടിഞ്ഞുവീണതും കഴിഞ്ഞാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വാഴകളൊന്നും മിച്ചമില്ല. ഗ്രാമച്ചന്തകളും കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളും നിലച്ചുപോയതിനാല്‍ വിപണനസാദ്ധ്യതയും നഷ്ടമായി. കച്ചവടക്കാരന്‍ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ.

വരവ് ഏത്തക്കുലയ്ക്ക് (കിലോ) ....... 50 രൂപ

ഹോള്‍സെയില്‍ വില (കിലോ) ............ 30 രൂപ

ചിപ്‌സ്(കിലോ) ..... 450 രൂപ

പ്രതിസന്ധിയില്‍ കര്‍ഷകര്‍

ജില്ലയില്‍ ചിറയിന്‍കീഴ്, കിളിമാനൂര്‍, നെടുമങ്ങാട്, കല്ലറ മേഖലകളിലാണ് നാടന്‍ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കര്‍ഷകര്‍ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കര്‍ഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിന്‍വലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വര്‍ദ്ധനവും ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയര്‍ന്നു.

5 രൂപ വരെ ഇലകള്‍ക്ക് ലഭിച്ചിരുന്നു. ഹോട്ടലുകളിലും കല്ല്യാണ സദ്യയ്ക്കും മറ്റും വാഴയില ആവശ്യമാണ്. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി കൊണ്ടുവരാന്‍ തുടങ്ങിയതോടെ ഈ മേഖലയിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

Advertisement
Advertisement