ഗുട്ടന്‍സ് മനസ്സിലാക്കി ജനങ്ങള്‍, തിരിച്ചടി കിട്ടിയത് കേരളത്തിലെ വ്യാപാരികള്‍ക്ക്

Sunday 07 July 2024 1:12 AM IST

കട്ടപ്പന: അടുക്കള ബഡ്ജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരുമാസത്തെ ഇടവേളയിൽ പച്ചക്കറികൾക്ക് വ്യാപക വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദന രംഗത്തുണ്ടായ ഇടിവാണ് പച്ചക്കറി വില കുതിച്ചുയരാൻ കാരണമാകുന്നത്. കട്ടപ്പന മാർക്കറ്റിലെ വില നിലവാരം അനുസരിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ കിലോയ്ക്ക് 60 രൂപയായിരുന്ന ബീൻസിന്റെ വില ഇപ്പോൾ 100 രൂപയ്ക്ക് മുകളിലാണ്. കിലോ 40 രൂപയിൽ നിന്ന് അച്ചിങ്ങാപ്പയറിന്റെ വില 80 രൂപയിലേക്കും എത്തി.

40ൽ നിന്ന് 70 ലേക്ക് ക്യാബേജും, 60 ൽ നിന്ന് 80ലേക്ക് ക്യാരറ്റുമെത്തി. 80 രൂപയുണ്ടായിരുന്ന മുരിങ്ങാക്കോൽ 120 രൂപയിലേക്കും 60 രൂപയിൽ നിന്ന് പച്ചമുളക് 120 രൂപയിലേക്കും എത്തി. 60 രൂപയിൽ കിടന്നിരുന്ന തക്കാളി ഹാട്രിക്കടിച്ചപ്പോൾ 40 രൂപയിൽ നിന്ന് ഹാട്രിക്കിലേക്ക് വെണ്ടയ്ക്ക വില സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 120 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ 220ലേക്ക് ഉയർന്നു. ഇത്തരത്തിൽ പച്ചക്കറികൾക്കെല്ലാം തീപിടിച്ച വിലയാണ് നൽകേണ്ടത്.

വിലക്കയറ്റം വ്യാപാര മേഖലയ്ക്കും തിരിച്ചടിയായി

വില കൂടിയതോടെ ജനങ്ങൾ കുറച്ചു മാത്രം പച്ചക്കറികൾ വാങ്ങുന്ന സ്ഥിതിയായി. ഇതോടെ വിൽപ്പനയ്ക്കായി എത്തിച്ച പല പച്ചക്കറികളും ചീഞ്ഞ് നശിക്കുകയാണ്. ഇത് വ്യാപാര മേഖലയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. ഓണത്തിന് രണ്ട് മാസം മാത്രം അവശേഷിക്കെ പച്ചക്കറികൾക്ക് ഇത്തരത്തിൽ വില ഉയരുന്നത് ആശങ്കയോടെയാണ് ഏവരും കാണുന്നത്. വില ഇത്തരത്തിൽ തുടർന്നാൽ ഓണസദ്യയിൽ പല വിഭവങ്ങളും അപ്രത്യക്ഷമായേക്കും.

Advertisement
Advertisement