കരാർ തീരുന്നതുവരെ മെഡിസെപ്പ് പദ്ധതി തുടരാൻ സർക്കാർ
തിരുവനന്തപുരം: പ്രതിസന്ധിയിൽപ്പെട്ടെങ്കിലും, സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യസുരക്ഷാ പദ്ധതിയായ മെഡിസെപ്പ് സർക്കാർ ഈ വർഷംകൂടി തുടർന്നേക്കും. മെഡിസെപ്പിന്റെ ഡാറ്റാ പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും അടക്കം ഏകദേശം 30 ലക്ഷത്തോളം പേരെ ഉൾപ്പെടുത്തി 2022 ജൂലായ് മുതലാണ് മെഡിസെപ്പ് നടപ്പാക്കിയത്. ജീവനക്കാരിലും പെൻഷൻകാരിലും നിന്ന് മാസം 500 രൂപാവീതം പ്രീമിയം പിടിക്കുന്നുണ്ട്. പ്രതിവർഷം 660 കോടി രൂപയാണ് കരാറെടുത്ത ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകുന്നത്. എന്നാൽ ആദ്യവർഷം 750 കോടിയും രണ്ടാം വർഷം 700കോടിയും ചെലവായെന്ന് കമ്പനി പറയുന്നു. കൂടാതെ ഗുരുതര അസുഖത്തിനും അടിയന്തര ചികിത്സയ്ക്കും അവയവമാറ്റത്തിനുമായി 39 കോടിയോളം രൂപ വേറെയും ചെലവായി. ഇതോടെ പദ്ധതി നഷ്ടമാണെന്ന് പറഞ്ഞ് ഇൻഷ്വറൻസ് കമ്പനി നടപടി ശക്തമാക്കിയതോടെ പലർക്കും ചികിത്സാസഹായം നിഷേധിക്കപ്പെട്ടിരുന്നു. പല ആശുപത്രികളും മെഡിസെപ്പ് പ്രകാരമുള്ള ചികിത്സ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ഓറിയന്റൽ ഇൻഷ്വറൻസുമായുള്ള കരാർ 2025 ജൂൺ 30നാണ് അവസാനിക്കുക. അതിന് മുമ്പ് കമ്പനി പിൻമാറിയാൽ അത് കരാർ ലംഘനമാകും. നിയമനടപടികൾക്ക് സർക്കാരിന് അധികാരമുണ്ട്. അതിനാൽ നഷ്ടം സഹിച്ചാണെങ്കിൽപോലും കമ്പനിക്ക് മെഡിസെപ്പ് തുടരേണ്ടിവരും. പദ്ധതിയുടെ പ്രയോജനം കിട്ടിയില്ലെങ്കിൽ പരാതികൾ കൂടുമെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.
#സർക്കാരിന് മുന്നിലെ വഴികൾ
1-അടിയന്തര ചികിത്സയും അവയവമാറ്റ ചികിത്സയുംപോലുള്ളവയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരുവർഷം കൂടി മെഡിസെപ്പ് പരാതികളില്ലാതെ കൊണ്ടുപോകാം
2- ഒരു വർഷത്തേക്ക് കരാർ പരിഷ്കരിച്ച് പ്രീമിയം കൂട്ടുക.
3-ഇൻഷ്വറൻസ് കമ്പനിയുടെ നഷ്ടം നികത്താൻ ഒരു നിശ്ചിത തുക നൽകുക