കേരള ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകയെന്ന് യുണിസെഫ്
Sunday 07 July 2024 2:37 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾക്കും വികസിതരാജ്യങ്ങൾക്കും മാതൃകയാണെന്ന് യുണിസെഫിന്റെ റിപ്പോർട്ട്. കൈറ്രിന്റെ നേതൃത്വത്തിൽ 2173 ഹൈസ്‌കൂളുകളിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. ലിറ്റിൽ കൈറ്റ്സ് പദ്ധതി ലോകത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി, യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷണൽ സ്‌പെഷ്യലിസ്റ്റ് പ്രമീള മനോഹരൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് ഡോ.അഖില രാധാകൃഷ്ണൻ, ഐ.ടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സംസാരിച്ചു.