യുവാവിന്റെ  മൃതദേഹം  ക്ഷേത്രക്കുളത്തിൽ; അമ്പലപ്പുഴ  ശ്രീകൃഷ്ണ  സ്വാമി  ക്ഷേത്രം അടച്ചു

Sunday 07 July 2024 12:34 PM IST

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താൽക്കാലികമായി അടച്ചു. അമ്പലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.

ക്ഷേത്രക്കുളത്തിന്റെ കൽപ്പടവിൽ നിന്ന് യുവാവിന്റെ ചെരിപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയർ ഫോ‌ഴ്സ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. പിന്നാലെയാണ് മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം അടയ്ക്കുകയായിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിച്ച് പരിഹാരക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. ആശുപത്രിയിലേക്ക് മാറ്റിയ മുകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

2022ലും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചിരുന്നു. ചുറ്റമ്പലത്തിൽ രക്തത്തുള്ളികൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അത്. ക്ഷേത്രദർശത്തിനെത്തിയ ആരുടെയെങ്കിലും കാലിലെ ‌വെരിക്കോസ് വെയ്ൻ പൊട്ടിയതോ അല്ലെങ്കിൽ ആദ്യമായി ആർത്തവമുണ്ടായതോ ആകാം രക്തത്തുള്ളികൾക്ക് കാരണമെന്നാണ് സംശയിച്ചത്.