89 ന്റെ നിറവിൽ കെ.എൽ മോഹനവർമ്മ

Monday 08 July 2024 12:37 AM IST

കൊച്ചി: നോവലുകളിലേയ്ക്ക് ക്രിക്കറ്റും ഓഹരി വിപണിയുമുൾപ്പെടെ സന്നിവേശിപ്പിച്ച പ്രതിഭാധനനായ നോവലിസ്റ്റ് കെ.എൽ മോഹനവർമ്മയ്ക്ക് ഇന്ന് 88 വയസ് പൂർത്തിയാകും. കൊച്ചിയുടെ സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ സജീവസാന്നിദ്ധ്യവുമായ അദ്ദേഹം 89 ലേക്ക് കടക്കുമ്പോഴും എഴുത്തിന്റെ തിരക്കുകളിലാണ്.

പിറന്നാൾ ആഘോഷിക്കുന്ന പതിവില്ലെങ്കിലും സുഹൃത്തുക്കളും നഗരത്തിലെ പൗരപ്രമുഖരും ആശംസകൾ അർപ്പിക്കാൻ ഒത്തുചേരുന്ന പതിവ് ഇക്കുറിയുമുണ്ട്. മലയാള വായനക്കാർക്ക് പ്രിയങ്കരനായ അദ്ദേഹത്തിൽ നിന്ന് തിരക്കഥ തേടി മുതിർന്ന സിനിമാപ്രവർത്തകരുൾപ്പെടെ സമീപിക്കുന്നുണ്ട്. എഴുത്തും പ്രസംഗങ്ങളും ചർച്ചകളുമായി പൊതുരംഗത്തും സജീവമാണ് വർമ്മാജി എന്ന് സുഹൃത്തുക്കൾ ആദരവോടെ വിളിക്കുന്ന മോഹനവർമ്മ. കുട്ടികളുമായി സംവദിക്കുന്നതാണ് വർമ്മാജിക്ക് ഏറെയിഷ്ടം.

ഓഹരി, ക്രിക്കറ്റ്, നീതി തുടങ്ങിയ നോവലുകളിലൂടെയും പ്രൊഫസർ കറിയാച്ചൻ തുടങ്ങിയ കഥാപത്രങ്ങളിലൂടെയും വായനക്കാരെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൗമാരക്കാരന്റെ ആവേശത്തോടെ അത്യാധുനിക സാങ്കേതികവിദ്യകളും അദ്ദേഹം സ്വായത്തമാക്കി.

70 മലയാളം, രണ്ട് ഇംഗ്ലീഷ് നോവലുകളും മാധവിക്കുട്ടിയുമായി ചേർന്ന് എഴുതിയ അമാവാസി എന്ന നോവലും ഇന്നും വായനക്കാർക്ക് പ്രിയപ്പെട്ടതാണ്. ഗാന്ധിഭവൻ, ബ്രിട്ടീഷ് കൗൺസിൽ, ബാലാമണി അമ്മ, ഇന്ത്യൻ എക്പ്രസ്, കേരള സാഹിത്യ അക്കാഡമി, നാടകരചന നാഷണൽ തുടങ്ങി 30ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1936 ജൂലായ് എട്ടിന് ചേർത്തലയിലാണ് ജനനം. അമ്മ പടിഞ്ഞാറേ കട്ടിങ്ങൽ കോവിലകത്ത് ലക്ഷ്മിക്കുട്ടിഅമ്മ, അച്ഛൻ ചെന്നിത്തല മേന്നാംവിള കോവിലകത്ത് അഡ്വ. എം.ആർ കേരള വർമ്മ. ഭാര്യ: പൂഞ്ഞാർ നല്ലമദോം പാലസിൽ രാധവർമ്മ. മക്കൾ: സുഭാഷ് വർമ്മ, കവിത അരവിന്ദ്. മരുമക്കൾ: ആശാലത വർമ്മ, അരവിന്ദ് കുമാർ. പേരക്കുട്ടികൾ: അർജുൻ, ആര്യൻ, അശ്വിൻ, അദ്വൈത്.

Advertisement
Advertisement