അഭിഷേക് ശര്‍മ്മയ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി, സിംബാബ്‌വെക്ക് കണക്കിന് കൊടുത്ത് ഇന്ത്യ

Sunday 07 July 2024 7:54 PM IST

ഹരാരെ: ലോകചാമ്പ്യന്‍മാരാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യമെന്ന് ചോദിച്ച വിമര്‍ശകര്‍ക്ക് സിംബാബ്‌വെയെ തല്ലിത്തകര്‍ത്ത് യുവ ഇന്ത്യയുടെ മറുപടി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 100 റണ്‍സിനാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന രണ്ടാം നിര ഇന്ത്യന്‍ സംഘം വിജയിച്ച് കയറിയത്. ആദ്യ മത്സരത്തില്‍ കഷ്ടിച്ച് നൂറ് റണ്‍സ് നേടിയ ടീം ഇന്ന് പടുത്തുയര്‍ത്തിയത് 234 റണ്‍സെന്ന ട്വന്‍ി 20 ക്രിക്കറ്റിലെ കൂറ്റന്‍ സ്‌കോറുകളില്‍ ഒന്നാണ്. രണ്ടാം മത്സരം മാത്രം കളിക്കുന്ന അഭിഷേക് ശര്‍മ്മ 100(47)യുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).

സ്‌കോര്‍: ഇന്ത്യ 234-2 (20), സിംബാബ്‌വെ 134-10(18.4)

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് സിംബാബ്‌വെക്ക് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. വെസ്ലി മധവീര 43(39), ബ്രയാന്‍ ബെന്നറ്റ് 26(9), എന്നിവരൊഴികെ മുന്‍നിര ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒമ്പതാമനായി എത്തിയ ലൂക്ക് ജോംഗ്‌വെ 33(26) മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. 18.4 ഓവറില്‍ 134 റണ്‍സില്‍ ആതിഥേയരുടെ മറുപടി അവസാനിക്കുകയായിരുന്നു. മുകേഷ് കുമാറും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രവി ബിഷ്‌ണോയിക്ക് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒന്നും വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ 2(4) വിക്കറ്റ് നഷ്ടമായി. അഭിഷേക് ശര്‍മ്മയ്ക്ക് കൂട്ടായി റുതുരാജ് ഗെയ്ക്‌വാദ് എത്തി. ആദ്യ മത്സരത്തിന്റെ തിരിച്ചടി മനസ്സിലുണ്ടായിരുന്ന ഇന്ത്യന്‍ ജോഡി വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും 49 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡില്‍.

പിന്നീട് വിശ്വരൂപം പുറത്തെടുത്ത അഭിഷേക് ശര്‍മ്മ 33 പന്തുകളില്‍ നിന്ന് കരിയറിലെ ആദ്യ അര്‍ത്ഥ സെഞ്ച്വറി കുറിച്ചു. അവിടെ നിന്ന് സെഞ്ച്വറിയിലേക്ക് എത്താന്‍ ഇടങ്കയ്യന്‍ ഓപ്പണര്‍ക്ക് വേണ്ടിവന്നത് വെറും 13 പന്തുകള്‍ മാത്രം. തുടരെ രണ്ട് സിക്‌സറുകള്‍ പായിച്ചാണ് താരം സെഞ്ച്വറി തികച്ചത്. ഏഴ് ഫോറും എട്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. റുതുരാജ് 47 പന്തില്‍ 77 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പവര്‍ ഹിറ്റര്‍ റിങ്കു സിംഗ് 22 പന്തില്‍ അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ 48 റണ്‍സ് നേടി പുറത്താകാതെ നിന്നു.