എല്ലാ വീട്ടിലും ആവശ്യക്കാര്‍, കേരളത്തിലും വിളയും; മണ്ണില്‍ നിന്ന് ലക്ഷങ്ങള്‍ കൊയ്യാന്‍ ഈ പ്രവാസിയെ മാതൃകയാക്കാം

Sunday 07 July 2024 9:31 PM IST

തിരുവനന്തപുരം: കൃഷിയോട് വലിയ താത്പര്യമുണ്ടെങ്കിലും പലര്‍ക്കും കൃഷി ചെയ്യാന്‍ വലിയ മടിയാണ് അതിലുപരി ഭയമാണ്. സംരംഭം വിജയിച്ചില്ലെങ്കില്‍ കൃഷിയിലേക്ക് ഇറക്കിയ കാശ് മുഴുവന്‍ നഷ്ടമാകുമോയെന്ന ആശങ്കയാണ് പലരേയും പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ മനസ്സറിഞ്ഞ് ജോലി ചെയ്യുകയും മണ്ണിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുകയും ചെയ്താല്‍ നൂറ് മേനി കൊയ്യാമെന്നതിന് തെളിവാണ് തിരുവനന്തപുരം സ്വദേശിയായ അബ്ദുള്‍ ഗഫൂര്‍ എന്ന മുന്‍ പ്രവാസിയായ കര്‍ഷകന്‍.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് അല്‍പ്പം മാറി വെമ്പായം എന്ന സ്ഥലത്തിന് സമീപം ചീരാണിക്കര എന്ന ഒരു ചെറിയ ഗ്രാമമുണ്ട്. അവിടെ പത്ത് ഏക്കറോളം ഭൂമിയില്‍ അബ്ദുള്‍ ഗഫൂറിന്റെ അദ്ധ്വാനത്തിന്റെ ഫലമായ ഒരു തോട്ടം കാണാം. പച്ചവിരിച്ച ചെടികള്‍ക്കിടയില്‍ പിങ്ക് കലര്‍ന്ന ചുവപ്പ് നിറത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പിന് തയ്യാറായി കിടക്കുന്ന കാഴ്ച മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണ്. അതിരാവിലേയുള്ള ഇളംവെയിലേറ്റ് കിടക്കുന്ന തോട്ടത്തിന്റെ കാഴ്ച ഏതൊരാള്‍ക്കും കണ്ണിന് കുളിര്‍മയും മനസ്സിന് ഉന്മേഷവും സമ്മാനിക്കും.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അബ്ദുള്‍ ഗഫൂര്‍ തന്റെ തോട്ടത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. അവിചാരിതമായിട്ടാണ് ഈ ഇനത്തിന്റെ കൃഷിയിലേക്ക് എത്തിയതെങ്കിലും ഇന്ന് വടക്കന്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ ഡ്രാഗണ്‍ ഫ്രൂട്ട് കയറ്റി അയക്കുന്നുണ്ട് ചീരാണിക്കരയിലെ ഈ തോട്ടത്തില്‍ നിന്ന്. സ്ഥലം വാങ്ങിയപ്പോള്‍ ആദ്യം ആലോചിച്ചത് മൂന്ന് വര്‍ഷം കൊണ്ട് ഫലം നല്‍കുന്ന തെങ്ങ് കൃഷി ചെയ്യാം എന്നായിരുന്നു. എന്നാല്‍ മകളുടെ ഭര്‍ത്താവിന്റെ അഭിപ്രായമാണ് ഡ്രാഗണ്‍ ഫ്രൂട്ടിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവസ്ഥയില്‍ അന്നത്തെ ആ നിര്‍ദേശം ജീവിതം തന്നെ മാറ്റി.

രണ്ടേക്കറിലാണ് ആദ്യം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. ഇത് വന്‍ വിജയമായതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാക്കി ഭൂമിയിലേക്ക് കൂടി കൃഷി വ്യാപിപ്പിച്ചു. പ്രധാനമായും 'മലേഷ്യന്‍ റെഡ്' എന്ന ഇനമാണ് കൃഷി ചെയ്യുന്നതെങ്കിലും ചീരാണിക്കരയിലെ കാല്‍ചക് ഓര്‍ഗാനിക്‌സില്‍ 11 ഇനം ഡ്രാഗണ്‍ ഫ്രൂട്ട് പഴങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ വര്‍ഷത്തില്‍ അഞ്ച് മാസമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സീസണ്‍. വിളവെടുപ്പ് ഉള്‍പ്പെടെയുള്ള സമയത്ത് രണ്ട് ഷിഫ്റ്റിലായി 30 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.

പറിച്ചെടുക്കുന്ന പഴങ്ങള്‍ തരംതിരിച്ച് മാറ്റിയതിന് ശേഷം ഫാമില്‍ തന്നെ സൂക്ഷിക്കുന്നതിന് സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോള്‍സെയില്‍ റേറ്റിലും റീട്ടെയില്‍ നിരക്കിലും ഫാമിലെത്തിയാല്‍ പഴങ്ങള്‍ വാങ്ങാന്‍ കഴിയും. അതോടൊപ്പം തന്നെ കൃഷി ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വാങ്ങുന്നതിനായി തൈകളും ലഭ്യമാണ്. തൈ ഒന്നിന് 50 രൂപ നിരക്കില്‍ ആണ് ലഭിക്കുക. തന്റെ ഫാമിലെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്കായി ജൈവ വളം മാത്രമാണ് അബ്ദുള്‍ ഗഫൂറും സംഘവും ഉപയോഗിക്കുന്നത്.

ആദ്യ വര്‍ഷം ലഭിക്കുന്ന ഫലത്തിന്റെ തൂക്കം കുറവായിരിക്കും. എന്നാല്‍ ഓരോ വര്‍ഷം പിന്നിടുന്തോറും ലഭിക്കുന്ന ഫലം ഇരട്ടിയായി വര്‍ദ്ധിക്കും. 25 ദിവസം മുതല്‍ 30 ദിവസത്തിനകം പാകമായ പഴങ്ങള്‍ ലഭിക്കും എന്നതാണ് മെക്‌സിക്കന്‍ പഴ വര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. നാട്ടില്‍ വിഷമടിച്ച ഡ്രാഗണ്‍ ഫ്രൂട്ട് വില്‍പ്പന വ്യാപകമാണെന്നും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അബ്ദുള്‍ ഗഫൂര്‍ പറയുന്നു. വിയറ്റ്‌നാമില്‍ നിന്ന് കൊണ്ടുവരുന്ന പഴങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ചാണ് കിലോയ്ക്ക് 300 രൂപയ്ക്ക് മുതല്‍ വില്‍ക്കുന്നത്.

ചീരാണിക്കരയിലെ ഫാമില്‍ നിന്ന് പ്രതിവര്‍ഷം 15 മുതല്‍ 20 ടണ്‍ വരെ പഴങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 35 വര്‍ഷക്കാലം പ്രവാസിയായി ജോലി ചെയ്ത ശേഷമാണ് ഗഫൂര്‍ നാട്ടിലേക്ക് എത്തിയത്. അബുദാബിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയിലായിരുന്നു ജോലി. പിതാവും മുത്തച്ഛനുമെല്ലാം കൃഷി ചെയ്തിരുന്നത് കൊണ്ട് തന്നെ ചെറുപ്പം മുതല്‍ കൃഷിയോട് താത്പര്യം തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement