പി.എസ്.സി അംഗമാകാൻ 60 ലക്ഷം,​ സി.പി.എം നേതാവിന് എതിരെ അന്വേഷണം,​ കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് ഇന്ന്

Monday 08 July 2024 12:00 AM IST

കോഴിക്കോട്: കോട്ടുളി സ്വദേശിയായ ഡോക്ടർക്ക് പി.എസ്.സി അംഗത്വം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് സി.പി.എമ്മിലെ കോഴിക്കോട്ടെ യുവനേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം തുടങ്ങി. ഡോക്ടറോട് ആദ്യം 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ജില്ല സെക്രട്ടേറിയറ്റിലെ മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. പാർട്ടിക്കുള്ളിൽ തീർക്കാൻ തീരുമാനിച്ച സംഭവം പുറത്തായതോടെ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് ഇന്നുചേർന്ന് വിഷയം ചർച്ച ചെയ്യും. സി.ഐ.ടി.യു നേതാവ് കൂടിയായ ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം.

മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, ജില്ല സെക്രട്ടറി പി.മോഹനൻ, എം.എൽ.എമാരായ സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യ മന്ത്രിയുടെ പി.എ തുടങ്ങിയവരുടെ പേരുപറഞ്ഞ് യുവനേതാവ് കോഴ വാങ്ങിയെന്നാണ് ആരോപണം. ആദ്യ ഗഡുവായി 10ലക്ഷം രൂപ കൈപ്പറ്റി. പി.എസ്.സി അംഗത്വം നടക്കാതെ വന്നപ്പോൾ ആയുഷ് വകുപ്പിൽ ഉന്നതസ്ഥാനം വാഗ്ദാനം ചെയ്ത് 12 ലക്ഷം കൂടി വാങ്ങി. അതും നടക്കാതെ വന്നതോടെ ഡോക്ടറും ബന്ധുക്കളും പാർട്ടിക്ക് പരാതി നൽകുകയായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇന്ന് ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

അറിയില്ലെന്ന് മന്ത്രി

പരാതിക്കാരനായ ഡോക്ടറെയും യുവ നേതാവിനെയും വിളിച്ചുവരുത്തി ചില ജില്ലാനേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി പണം തിരികെ കൊടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കോഴിക്കോട്ട് പൊതുപരിപാടിക്കെത്തിയ മന്ത്രി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
Advertisement