ജിൻഡാൽ പാന്തർ ടി.എം.ടിയും കല്ലട്ര കോറും ധാരണയിൽ

Monday 08 July 2024 12:05 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ ടി.എം.ടി സ്റ്റീൽ നിർമ്മാതാക്കളായ ജിൻഡാൽ പാന്തർ ടി.എം.ടി റീബാർസും കല്ലട്ര കോർ എൽ.എൽ.പിയുമായി കേരളത്തിലെ മൊത്ത വ്യാപാരത്തിന് കരാർ ഒപ്പുവെച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജിൻഡാൽ പാന്തർ ടി.എം.ടി അസിസ്റ്റന്റ് വൈസ് പ്രസിഡന്റും നാഷണൽ സെയിൽസ് മാനേജരുമായ അഭിനവ് കുമാറും കല്ലട്ര കോർ ഉടമകളായ റസീം കാര്യക്കാരൻ, ഇബ്രാഹിം കല്ലട്ര എന്നിവരും ധാരണാപത്രം കൈമാറി. സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.

കേരളത്തിലെ സ്റ്റീൽ വ്യവസായ രംഗത്ത് വിപണി വികസിപ്പിച്ച് സാന്നിദ്ധ്യം ശക്തമാക്കുന്നതിനാണ് പുതിയ കരാറെന്ന് അഭിനവ് കുമാർ പറഞ്ഞു. ഈ രംഗത്ത് വിപുലമായ പരിചയ സമ്പത്തുള്ള കല്ലട്ര കോർ എൽ.എൽ.പിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രൈമറി ടി.എം.ടി വിപണിയിൽ മത്സരാധിഷ്ഠിത അന്തരീക്ഷം വളർത്തിയെടുക്കാനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നൂറിലേറെ ഡീലർമാരുമായി സഹകരിക്കുന്നുണ്ടെന്ന് റസീം കാര്യക്കാരൻ, ഇബ്രാഹിം കല്ലട്ര എന്നിവർ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം 400 കോടിയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്നും, 300 ലേറെ ഡീലർമാരെ ഇതിനായി കണ്ടെത്തുമെന്നും റസീം പറഞ്ഞു.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കോർ സ്റ്റീൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ റസീം കാര്യക്കാരനാണ് ടി.എം.ടി വില്പനയുടെ രംഗത്തെ തുടക്കക്കാരൻ. പ്ലാന്റേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളിലായി 120 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കല്ലട്ര അബ്ദുൾ ഖാദർ ഹാജി ആരംഭിച്ച കല്ലട്ര പരിവാർ ഗ്രൂപ്പും കണ്ണൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കോർ സ്റ്റീൽ കമ്പനിയും സഹകരിച്ചാണ് കേരളത്തിലെ സ്റ്റീൽ വ്യവസായ രംഗത്തേക്ക് കല്ലട്ര കോർ രൂപീകരിക്കുന്നത്.

Advertisement
Advertisement