എ​ല്ലാ​ ​ക​ണ്ണു​ക​ളും​ ​ബ​ഡ്‌​ജ​റ്റിലേ​ക്ക്

Monday 08 July 2024 12:10 AM IST

ബഡ്‌ജറ്റ് ചർച്ചകൾ പൂർത്തിയാക്കി ധനമന്ത്രി

കൊച്ചി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി വ്യാവസായിക, സാമൂഹിക, കാർഷിക മേഖലകളിലെ വിവിധ പ്രതിനിധികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചകൾ പൂർത്തിയാക്കി. ജൂലായ് 22 മുതൽ ആഗസ്ത് 12 വരെ നടക്കുന്ന പാർലമെന്റ് സെഷനിൽ ജൂലായ് 23ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കും. ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധീകളും കഴിഞ്ഞ ദിവസങ്ങളിൽ ധനമന്ത്രിയും മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളിൽ പങ്കെടുത്തു. ഇതോടൊപ്പം എൻ.ഡി.എയുടെ ഘടക കക്ഷികളായ ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്ക് ദേശം, നിതീഷ് കുമാറിന്റെ ജനതാദൾ യു എന്നിവരിൽ നിന്ന് ഉൾപ്പെടെ വിപുലമായ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും ധനമന്ത്രാലയത്തിന് മുന്നിലുണ്ട്. ഘടക കക്ഷികളുടെ വികാരങ്ങൾ കൂടി കണക്കിലെടുത്ത് വളർച്ചയും സാമൂഹിക സുരക്ഷിതത്വവും സമന്വയിപ്പിച്ച് ദീർഘവീക്ഷണത്തോടെയുള്ള ബഡ്‌ജറ്റാകും ഇത്തവണ ഉണ്ടാകുക.

തുടർച്ചയായ ഏഴാമത്തെ ബഡ്‌ജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് ലക്ഷ്യമിടുന്ന നടപടികളുമായാണ് ബഡ്‌ജറ്റ് തയ്യാറാക്കുന്നത്. മുൻകാല ബഡ്‌ജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വെല്ലുവിളികളാണ് ധനമന്ത്രിയെ ഇത്തവണ കാത്തിരിക്കുന്നത്. ഒരു കൂട്ടുകക്ഷി സർക്കാരിന്റെ പരിമിതികൾ കണക്കിലെടുത്ത് ഇത്തവണ നിർമ്മല സീതാരാമൻ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

ടീം ബഡ്‌ജറ്റ്

ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ധനകാര്യ സെക്രട്ടറി ടി. വി സോമനാഥൻ, സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത്, വ്യവസായ വകുപ്പ്(ഡിപാം) സെക്രട്ടറി തുഹിൻ കെ. പാണ്ഡെ, ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷി, റെവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര എന്നിവരാണ് ധനമന്ത്രിയോടൊപ്പം ബഡ്‌ജറ്റ് ടീമിലുള്ളത്.

ചർച്ചയിൽ പങ്കെടുത്തത് 120 അംഗങ്ങൾ

കർഷക സംഘടനകളുടെ പ്രതിനിധികൾ, കാർഷിക വിദഗ്ദ്ധർ, തൊഴിലാളി സംഘടന നേതാക്കൾ, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ പ്രതിനിധികൾ, വാണിജ്യ വ്യവസായ അസോസിയേഷനുകൾ തുടങ്ങി പത്ത് മേഖലകളിലുള്ളവരുമായാണ് ധനമന്ത്രി ജൂൺ അവസാന ആഴ്ച മുതൽ ചർച്ച നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായും കഴിഞ്ഞ മാസം നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.

പ്രതീക്ഷിക്കുന്ന നടപടികൾ

ആദായ നികുതി ഇളവ് പരിധി ഉയർത്തിയേക്കും

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉത്പാദന ബന്ധിത ആനുകൂല്യങ്ങൾ

പ്രധാനമന്ത്രി കിസാൻ ആനുകൂല്യം 8,000 രൂപയിലേക്ക് ഉയർത്തിയേക്കും

മൂലധന ചെലവുകളിൽ 25 ശതമാനം വർദ്ധന

തൊഴിൽ നിയമങ്ങളിൽ കാലോചിത മാറ്റങ്ങൾ

Advertisement
Advertisement