വ്യാഴം മുതൽ ഞായർ വരെ നീണ്ട പോരാട്ടം

Monday 08 July 2024 1:24 AM IST

കോഴിക്കോട്:വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ചയാണ് തിരുവമ്പാടി അബ്ദുൾ റസാഖിന്റെയും ഭാര്യ മറിയത്തിന്റെയും വീട്ടിലെ വെെദ്യുതി വിച്ഛേദിച്ചത്. വെെകീട്ടോടെ ഓൺലൈനായി റസാഖിന്റെ മകൻ അജ്‌മൽ ബില്ലടച്ചു. റസാഖിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളുണ്ട്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്.

വെള്ളിയാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ എത്തിയപ്പോൾ, വൈകിയതിനെ ചൊല്ലി അജ്‌മലും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ജീവനക്കാർ വെെദ്യുതി പുനഃസ്ഥാപിച്ചെങ്കിലും പൊലീസിൽ പരാതി നൽകി.

പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ സഹോദരൻ ഷഹദാദിനെയും കൂട്ടി കെ.എസ്.ഇ.ബി ഓഫീസിലെത്തി കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർക്കുകയും ജീവനക്കാരുടെ ദേഹത്ത് മാലിനജലം ഒഴിക്കുകയും ചെയ്തതോടെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിഛേദിച്ചു.

മകൻ ഓഫീസ് അക്രമിച്ചതിൽ തങ്ങളുടെ വെെദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകുകയും പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചുള്ള സമരത്തിനിടെ റസാഖ് കുഴഞ്ഞുവീണിരുന്നു. വീട്ടിലെത്തിയ ഇരുവരും വീടിന് മുന്നിൽ പ്രതിഷേധം തുടർന്നു.

വെെദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് സംഘടിപ്പിച്ച റാന്തൽ മാർച്ചിൽ സംഘർഷമുണ്ടായി.

ആക്രമിച്ചില്ല, വെള്ളം

ഒഴിച്ചു: അജ്മൽ

കെ.എസ്.ഇ.ബി ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്ന് പ്രതിയായ തിരുവമ്പാടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജ്മൽ. കോടതി റിമാൻഡ് ചെയ്യുന്നതിന് മുമ്പ് അജ്മൽ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്നെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് ഉദ്യോഗസ്ഥരാണ്. താൻ ഓഫീസിലേക്ക് കയറിപ്പോകുന്നത് മുതൽ ഇറങ്ങിവരും വരെയുള്ള ദൃശ്യങ്ങൾ ഫോണിലുണ്ട്. പക്ഷേ ,ഈ ഫോൺ ഉദ്യോഗസ്ഥരുടെ കൈയിലാണ്. മലിന ജലം ഉദ്യോഗസ്ഥന്റെ ദേഹത്ത് ഒഴിച്ചെന്ന് അജ്മൽ ഓഡിയോയിൽ സമ്മതിക്കുന്നുണ്ട്. ഓഫീസ് ഉപകരണങ്ങൾ നശിപ്പിച്ചത് അജ്മലാണെന്ന് തിരുവമ്പാടി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശിവകുമാർ പറഞ്ഞു.

ഉദ്യോഗസ്ഥർ മോശമായി

പെരുമാറി: മറിയം

കെ.എസ്.ഇ.ബി ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് വീട്ടുടമ അബ്ദുൾ റസാഖിന്റെ ഭാര്യ മറിയം പൊലീസിൽ പരാതി നൽകി. വെെദ്യുതി പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിനടുത്തെ സോളാർ ലെെറ്റ് എടുത്തുമാറ്റിയത് കണ്ടപ്പോൾ ചോദ്യം ചെയ്ത തന്നെ പിടിച്ചു തള്ളുകയായിരുന്നു. ഉദ്യോഗസ്ഥരാണ് ഓഫീസിലെ ഉപകരണങ്ങൾ തകർത്തതെന്നും മറിയം പറഞ്ഞു.

Advertisement
Advertisement