ചരിത്ര നിമിഷത്തിന്റെ സ്മരണയി​ൽ

Monday 08 July 2024 12:39 AM IST

പന്തളം: ചരിത്ര നിമിഷത്തിന്റെ സ്മരണയി​ലായി​രുന്നു തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്ര സമർപ്പണവും മന്നത്തി​ന്റെ വെങ്കല പ്രതിമ അനാച്ഛാദനവും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവ്വഹിച്ചത്. എൻ എസ് എസ് രൂപീകരിച്ച ശേഷം കരയോഗ പ്രവർത്തനത്തിന് രൂപം നൽകിയത് 1928ലാണ്. ഒന്നാം നമ്പർ എൻ എസ് എസ് കരയോഗം രൂപീകരിച്ചത് പന്തളം യൂണിയനിലെ തട്ടയിലാണ്. 1928 ഡിസംബർ 15ന് തട്ടയിൽ ഒരിപ്പുറത്ത് ദേവീക്ഷേത്ര അങ്കണത്തിൽ നിന്ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭനെ തട്ട മല്ലിക ഇടയിരേത്ത് കുടുംബത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയും കുടുംബത്തിന്റെ പൂമുഖത്ത് ഒരിപ്പുറത്ത് ദേവീക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന ദീപം കൊളുത്തി അദ്ദേഹം ഒന്നാംനമ്പർ കരയോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആ ചരിത്ര നിമിഷത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഉണർത്തിയാണ് തട്ടയിൽ ഇടയിരേത്ത് കുടുംബയോഗം മന്നത്തി​ന് ക്ഷേത്രം നി​ർമ്മി​ച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ കണക്കുകൾ പ്രകാരം ക്ഷേത്രവും ശില്പി കരമന ശശികുമാറിന്റെ നേതൃത്വത്തിൽ ആചാര്യന്റെ വെങ്കല പ്രതിമയും നിർമ്മി​ച്ചു. എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ, എൻ.എസ്എസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് തട്ടയിൽ എ.കെ.വിജയൻ, ഇടയിരേത്ത് കുടുംബയോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രസിഡന്റായ അഡ്വ.കെ.ജ്യോതികുമാർ, കുടുംബയോഗം സെക്രട്ടറി സി.പി.മോഹനചന്ദ്രൻ പിള്ള, ഇടയരേത്ത് ട്രസ്റ്റ് സെക്രട്ടറി ജെ.വിജയകുമാർ എന്നിവർ നേതൃത്വം നൽകി. ആന്റോ ആന്റണി എം.പി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി.വിദ്യാധര പണിക്കർ, ബി.പ്രസാദ് കുമാർ, നൂറുകണക്കിന് സമുദായ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement