ശബരി റെയിൽപ്പാത : പത്തനംതിട്ടയ്ക്ക് പ്രതീക്ഷയുടെ ചൂളംവിളി

Monday 08 July 2024 12:42 AM IST

പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് സമ്മേളനം 23ന് തുടങ്ങുമ്പോൾ പത്തനംതിട്ട ജില്ല പ്രധാനമായും പ്രതീക്ഷയർപ്പിക്കുന്നത് ശബരി റെയിൽപ്പാതയിലാണ്. നിർദിഷ്ട അങ്കമാലി - എരുമേലി ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണാവശ്യം.
ശബരി പാത എരുമേലിയിൽ അവസാനിപ്പിക്കുന്നത് ലാഭകരമാകില്ലെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞത്ത് പുതിയ തുറമുഖം വരുന്നതോടെയുണ്ടാകുന്ന ചരക്കു നീക്കം കൂടി കണക്കിലെടുത്ത് ശബരി പാത ബാലരാമപുരം വരെയെത്തിച്ച് അവിടെനിന്ന് വിഴിഞ്ഞവുമായി ലിങ്കുണ്ടാക്കണമെന്നാണാവശ്യം. ഇത് പത്തനംതിട്ടയുടെ മലയോര പ്രദേശത്തു കൂടെയാകുമ്പോൾ യാത്രാസൗകര്യം വർദ്ധിക്കും. എം.സി റോഡിലെ വാഹനത്തിരക്കിന് കുറവുമുണ്ടാകും. കിഴക്കൻ മലയോര പ്രദേശത്തുള്ളവരടക്കം ജില്ലയിലെ ട്രെയിൻ യാത്രക്കാർ ചെങ്ങന്നൂർ, തിരുവല്ല സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ശബരി പാത പത്തനംതിട്ട വഴിയാകുമ്പോൾ സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് പ്രയോജനകരമാകും. ശബരിമല തീർത്ഥാടകർക്ക് എരുമേലിയിൽ ഇറങ്ങുന്നതിന് പകരം പത്തനംതിട്ടയിൽ നേരിട്ടെത്താം. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഇത് പ്രയോജനം ചെയ്യും. ജില്ലയിൽ അത്തിക്കയം മുതൽ കോന്നി വരെയുള്ള പ്രധാന സ്ഥലങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും.

ജില്ലയിൽ നാല് സ്റ്റേഷനുകൾ

എരുമേലിയിൽ നിന്നാരംഭിച്ച് ബാലരാമപുരം വരെ 13 റെയിൽവേ സ്റ്റേഷനുകളാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. അത്തിക്കയത്തിന് സമീപം എരുമേലി എയർപോർട്ട് സ്‌റ്റേഷൻ, പെരുനാട് റോഡ്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറംമൂട് റോഡ്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം എന്നിവയാണ് സ്റ്റേഷനുകൾ. എരുമേലി വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുന്നതോടെ പാതയുടെ പ്രാധാന്യം വർദ്ധിക്കും.

എം.സി റോഡിനു സമാന്തരമായി റെയിൽപാത എന്നതിനൊപ്പം നെടുമങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് റെയിൽ കണക്ടിവിറ്റി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

160 കിലോമീറ്റർ

എരുമേലി മുതൽ ബാലരാമപുരം വരെ 160 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. എം.സി റോഡിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും പാത ഉപകരിക്കും.

ശബരി റെയിൽപാത പത്തനംതിട്ട വഴിയാക്കിയാൽ ജില്ലയുടെ ഗതാഗത സൗകര്യം വിപുലമാകും. ഇത് നാടിന്റെ വികസനത്തിനും പ്രയോജനപ്പെടും.

സുനിൽ രവീന്ദ്രൻ, ട്രെയിൻ യാത്രക്കാരൻ

Advertisement
Advertisement