മഴക്കാല ഷോക്കടി ഒഴിവാക്കാൻ 'ചികിത്സ 'യുമായി കെ.എസ്.ഇ.ബി

Monday 08 July 2024 12:02 AM IST
കെ.എസ്.ഇ.ബി

കോഴിക്കോട് : വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടാവുന്നത് ഉൾപ്പെടെ കാലവർഷക്കെടുതി നേരിടാൻ നടപടികൾ സജീവമാക്കി കെ.എസ്.ഇ.ബി. ബോധവത്കരണം നടത്തുന്നതിനൊപ്പം സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് സ്‌പേസർ, ഗാർഡംഗ് എന്നിവ സ്ഥാപിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. പുതുതായി നിർമിക്കുന്ന ഇലക്ട്രിക് എൽ.ടി ലൈനുകൾ, സുരക്ഷയുടെ കൂടി പ്രാധാന്യം കണക്കിലെടുത്ത് ഏരിയൽ ബഞ്ചഡ് കണ്ടക്ടർ ഉപയോഗിച്ച് നിർമ്മിക്കുകയാണ്.

ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നത് വഴിയും എ .ബി. സി കണ്ടക്ടർ ഉപയോഗിക്കുന്നതിലൂടെയും അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. സ്‌പേസറുകൾ, ലൈൻ മൗണ്ടഡ് ഗാർഡിങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതും കവേർഡ് കണ്ടക്ടർ ഉപയോഗിക്കുന്നതും അപകട സാദ്ധ്യത കുറയ്ക്കും.
ലൈനുകളുടെ ഗുണമേന്മ പൂർണമായി ഉറപ്പാക്കി വൈദ്യുതി അപകടങ്ങൾ പരമാവധി ഒഴിവാക്കാനാണ് ശ്രമം. വൈദ്യുതി ലൈൻ പൊട്ടി വീണും സർവീസ് വയറിലുണ്ടാകുന്ന ചോർച്ചയും കാരണം ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ ജീവനക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ബോധവത്ക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, മൈക്ക് അനൗൺസ്‌മെന്റ് എന്നിവയും ആരംഭിച്ചു. വീടുകളിലുണ്ടാകുന്ന ഷോക്കേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ഇ.എൽ.സി.ബി എന്ന ഉപകരണം സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ബോധവത്ക്കരണം നടത്തിവരികയാണ്.

'വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഇവ ശ്രദ്ധയിൽ പെട്ടാൽ ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണം'.

കെ. എസ് .ഇ. ബി അധികൃതർ

ദ്യുതി പദ്ധതി

ഊർജ കേരള മിഷനിൽ ഉൾപ്പെടുത്തി ദ്യുതി എന്ന പേരിൽ ബൃഹത്തായ വിതരണ ശൃംഖല നവീകരണ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി കാലപ്പഴക്കം ചെന്ന ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനും വീടുകൾക്ക് കുറുകെ കടന്നുപോകുന്ന ലൈനുകൾ അപകട സാദ്ധ്യത ഉയർത്തുന്നുണ്ടെങ്കിൽ അവ മാറ്റി സ്ഥാപിക്കുന്നതിനും നടപടിയെടുക്കും.

ഹോട്ട് ലൈൻ നമ്പർ

9496010101

Advertisement
Advertisement