സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം

Monday 08 July 2024 12:01 AM IST
പടം 1. വാഹന പെരുമഴ.. റാണീപുരത്ത് എത്തിയ സഞ്ചാരികളുടെ ബൈക്കും കാറും പാർക്ക് ചെയ്ത നിലയിൽ 2. ടിക്കറ്റ് കൗണ്ടറിലെ തിരക്ക്

തിരക്കിൽ ടിക്കറ്റ് കിട്ടാതെ മടങ്ങിയവർ ഏറെ

റാണിപുരം: സഞ്ചാരികളാൽ വീർപ്പുമുട്ടി റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വാഹനങ്ങൾ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്കിംഗിന് സ്ഥലം ലഭിക്കാതെ പാതയോരത്ത് കിലോമീറ്ററോളം ദൂരത്തിൽ പിറകിലേക്ക് പാർക്ക് ചെയ്യേണ്ടതായി വന്നു. ഇരു ചക്രവാഹനങ്ങളിലാണ് ഏറെയും പേർ എത്തിയത്.

രാവിലെ കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് പുറപ്പെട്ട കെ.എസ്. ആർ .ടി. സി ബസിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. മഴ തുടങ്ങിയതോടെ അവധി ദിവസങ്ങളിൽ മൂവായിരത്തോളം പേർ എത്തുന്നതായാണ് കണക്ക്. ജൂലായ് ഒന്ന് മുതൽ യു.പി.എ സംവിധാനം വഴിയാണ് വനം വകുപ്പിന്റെ ടിക്കറ്റ് വിൽപന. എന്നാൽ നെറ്റ്‌വർക്ക് കിട്ടാത്തതും ടിക്കറ്റ് കൗണ്ടറിൽ വൈഫൈ വേഗതയില്ലാത്തതും കാരണം ഓൺലൈൻ പെയ്മെന്റ് സുതാര്യമാവാത്തത് സഞ്ചാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നു. തുടർന്ന് മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ക്യാഷ് പെയ്മെന്റും സ്വീകരിച്ചിട്ടാണ് വലിയ തിരക്ക് നിയന്ത്രിക്കാൻ സാധിച്ചത്. അഭൂതപൂർവമായ തിരക്ക് കാരണം സഞ്ചാരികളിൽ പലർക്കും ടിക്കറ്റ് കിട്ടാത്തതിനാൽ കുന്നിന്മുകളിലേക്ക് കയറാൻ പറ്റാതെ മടങ്ങേണ്ടി വന്നതായി പനത്തടി ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ പറഞ്ഞു. റാണീപുരത്തിന്റെ മഹനീയ കാഴ്ച ആസ്വദിക്കാൻ വളരെ ദൂരത്തുനിന്നു വരെ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കോടമഞ്ഞിന്റെ തണുപ്പും മഴയുടെ കുളിരും ആയതോടെ റാണീപുരം പുളകമണിയുകയാണ്.

Advertisement
Advertisement