കാർ വില്പന തളരുന്നു
കൊച്ചി: ജൂണിൽ രാജ്യത്തെ കാർ വില്പനയിൽ കനത്ത തിരിച്ചടി നേരിട്ടു. രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില്പനയാണ് ജൂണിൽ കാറുകൾക്ക് ലഭിച്ചതെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ(എഫ്.എ.ഡി.എ) വ്യക്തമാക്കുന്നു. ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം ശക്തമായതോടെ യാത്രാ വാഹനങ്ങളുടെ വില്പന ജൂണിൽ 2.82 ലക്ഷം യൂണിറ്റുകളായാണ് താഴ്ന്നത്. പ്രമുഖ വാഹന നിർമ്മാതാക്കൾ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കാർ വില്പനയിൽ കാര്യമായ ഉണർവുണ്ടായില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ചെറു കാറുകളുടെയും ഇലക്ട്രിക് കാറുകളുടെയും വില്പനയിലാണ് കഴിഞ്ഞ മാസം വലിയ തിരിച്ചടിയുണ്ടായത്. കഴിഞ്ഞ വർഷം ജൂണിലേക്കാൾ വില്പന മെച്ചപ്പെട്ടെങ്കിലും മുൻമാസത്തേക്കാൾ വില്പനയിൽ ഇടിവുണ്ടായി.
മാരുതി സുസുക്കി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ജൂണിൽ 1,79,228 വാഹനങ്ങളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിൽ 1,39,918 കാറുകളും കയറ്റുമതി 31,000 യൂണിറ്റുകളാണ്. മാരുതിയുടെ ചെറുകാറുകളുടെ വില്പന കുത്തനെ കുറയുകയാണ്.
ഹ്യുണ്ടായ് കാർ വില്പന ഫ്ളാറ്റ്
കഴിഞ്ഞ മാസം 64,803 യൂണിറ്റ് കാറുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ഇതിൽ 50,103 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു. 14,700 കാറുകൾ കയറ്റുമതി നടത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ 3.86 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.
ടാറ്റ മോട്ടോഴ്‌സ് കിതക്കുന്നു
ആഭ്യന്തര വിപണിയിലെ പ്രമുഖരായ ടാറ്റ മോട്ടോഴ്സിന്റെ വില്പന ജൂണിൽ 43,524 യൂണിറ്റുകളായാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം ജൂണിൽ 47,235 വാഹനങ്ങളുടെ വിൽപ്പനയാണ് ടാറ്റ മോട്ടോഴ്സ് നേടിയത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തിളങ്ങുന്നു
ചെറുകാറുകളുടെ വില്പന മങ്ങുകയാണെങ്കിലും സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രിയമേറുകയാണ്. ജൂണിൽ ഇതോടെ എം ആൻഡ് എമ്മിന് മികച്ച വളർച്ച നേടാനായി. മഹീന്ദ്ര വാഹനങ്ങളുടെ വില്പന കഴിഞ്ഞ വർഷം ജൂണിൽ 32,518 യൂണിറ്റുകളായിരുന്നത് ഇത്തവണ 40,022 യൂണിറ്റുകളായി ഉയർന്നു.
പ്രതികൂലം
വായ്പകളുടെ പലിശ കുത്തനെ കൂടിയത്
സാമൂഹിക അന്തരം
കമ്പനികൾ തുടർച്ചയായി വില വർദ്ധിപ്പിച്ചത്
വൈദ്യുതി വാഹനങ്ങളുടെ കാര്യക്ഷമതയിലെ ആശങ്കകൾ