ബ്രിജ്‌മോഹൻ ലാൽ മുഞ്ജാലിന് ആദരവായി 'ദി സെന്റനിയൽ'
കൊച്ചി: സ്ഥാപക ചെയർമാൻ ഡോ. ബ്രിജ്‌മോഹൻ ലാൽ മുഞ്ജാലിനോടുള്ള ആദരസൂചകമായി കളക്ടേഴ്‌സ് എഡിഷൻ മോട്ടോർസൈക്കിളായ 'ദി സെന്റനിയൽ' ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കും. ഇന്ത്യയിലെ ഹീറോ സെന്റർ ഫോർ ഇന്നോവഷൻ ആൻഡ് ടെക്‌നോളജിയിലെയും ജർമ്മനിയിലെ ഹീറോ ടെക് സെന്ററിലെയും വിദഗ്ദ്ധർ രൂപകല്പന ചെയ്തതാണ് ബൈക്ക്. സൂക്ഷ്മതയോടും കരവിരുതോടും കൂടി തയ്യാറാക്കിയ 100 വാഹനങ്ങൾ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്.
ഡോ. ബ്രിജ്‌മോഹൻ ലാൽ മുൻജാലിന്റെ 101ാം ജന്മവാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ വാഹനം കമ്പനിയുടെ ജീവനക്കാർ, അസോസിയേറ്റ്, ഓഹരിയുടമകൾ, പങ്കാളികൾ എന്നിവർക്കായി ലേലം ചെയ്യും. ഇതിൽനിന്ന് ലഭിക്കുന്ന തുക സമൂഹനന്മക്കായി വിനിയോഗിക്കും. സെപ്തംബർ മാസത്തോടെ സെന്റനിയൽ വിതരണം ആരംഭിക്കും.
ലോകമെമ്പാടുമുള്ള ഹീറോ ഔട്ട്ലെറ്റുകളിലും ഡീലർ കേന്ദ്രങ്ങളിലും 100 ദിന ഉപഭോക്തൃ, ഉദ്യോഗസ്ഥ സംഗമങ്ങളും കൂടിച്ചേരലുകളും സംഘടിപ്പിക്കും. ഇക്കാലത്ത് പുതിയ ഹീറോ വാഹനങ്ങൾ വാങ്ങുന്നവർക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. 100 വാഹനങ്ങൾക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.