ഒളിമ്പിക്സിലെ മലയാളി സാന്നിദ്ധ്യത്തിന് 100 വയസ്

Monday 08 July 2024 12:02 AM IST

തിരുവനന്തപുരം : ഒളിമ്പിക്സിലെ ആദ്യത്തെ മലയാളി സ്പർശത്തിന് ഇന്ന് 100 വയസ് തികയുന്നു. പാരീസ് ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് കണ്ണൂർ സ്വദേശിയായിരുന്ന സി.കെ ലക്ഷ്മണൻ കുറിച്ച ചരിത്രത്തിന് ഒരു നൂറ്റാണ്ടിന്റെ തിളക്കം ലഭിക്കുന്നത്.

100 വർഷങ്ങൾക്കു മുമ്പ് പാരീസിൽ തന്നെ നടന്ന എട്ടാമത് ഒളിമ്പിക്സിലാണ് കണ്ണൂർ ചെറുവാരി കൊറ്റിയത്ത് ലക്ഷ്മണൻ എന്ന സി. കെ. ലക്ഷ്മണൻ ഓടാനിറങ്ങിയത്. 1924 ജൂലൈ എട്ടിനായിരുന്നു ലക്ഷ്മണന്റെ 110 മീറ്റർ ഹഡിൽസ് മത്സരം. ഒളിമ്പിക്സിലെ ആദ്യ മലയാളി സാന്നിദ്ധ്യമായിരുന്നു അത്. ഹീറ്റ്സിൽ പരാജയപ്പെട്ടെങ്കിലും ലക്ഷ്മണന്റെ ഒളിമ്പിക്സ് അരങ്ങേറ്റം ഇന്ത്യൻ സ്പോർട്സ് ചരിത്രത്തിലെ ഒരു രജതരേഖയായി ഇന്നും നിലനിൽക്കുന്നു. 1924ൽ ഡൽഹിയിൽ നടന്ന നാഷണൽ അത്‌ലറ്റിക്സ് മീറ്റിൽ ഹഡിൽസിൽ വിജയിയായിരുന്നു ലക്ഷ്മണൻ. ഈ വിജയം ആണ് ലക്ഷ്മണനെ ഒളിമ്പിക്സിൽ എത്തിച്ചത്.അത്ലറ്റിക്സിനു പുറമെ ക്രിക്കറ്റ് കളിക്കാരനും കൂടിയായിരുന്നു ലക്ഷ്മണൻ. അദ്ദേഹം പിൽക്കാലത്ത് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു.

Advertisement
Advertisement