കൊളംബിയൻ പഞ്ചാഗ്നി
കോപ്പ ക്വാർട്ടറിൽ പാനമയെ 5-0ത്തിന് തോൽപ്പിച്ച് കൊളംബിയ
അരിസോണ : മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ക്വാർട്ടർ ഫൈനലിൽ പാനമയെ പരാജയപ്പെടുത്തി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിലെത്തി. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ ഉറുഗ്വേയോട് തോറ്റ് തുടങ്ങിയെങ്കിലും അമേരിക്കയേയും ബൊളീവിയയെയും കീഴടക്കി വിസ്മയമായി മാറിയ പാനമയുടെ കുതിപ്പിന്റെ ചിറകുകളാണ് കൊളംബിയയുടെ പഞ്ചാഗ്നിയിൽ എരിഞ്ഞടങ്ങിയത്.
ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയിരുന്ന കൊളംബിയ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകൾ കൂടി നേടിയത്. ഇരുപകുതികളിലും ഓരോ പെനാൽറ്റികളും കൊളംബിയയ്ക്ക് ലഭിച്ചു. എട്ടാം മിനിട്ടിൽ ജോൺ കോർദോബയിലൂടെയാണ് കൊളംബിയ സ്കോറിംഗ് തുടങ്ങിയത്. 15-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഹാമിഷ് റോഡ്രിഗസ് വലയിലാക്കിയതോടെ മത്സരം കൊളംബിയ കൈക്കലാക്കിയിരുന്നു. 41-ാം മിനിട്ടിൽ ലൂയിസ് ഡയസ് സ്കോർ
3-0 ആയി ഉയർത്തി. 70-ാം മിനിട്ടിൽ റിച്ചാർഡ് റിയോസും ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ മിഗ്വേൽ ബോറിയയുമാണ് പട്ടിക പൂർത്തിയാക്കിയത്.
തുടർച്ചയായ രണ്ടാം തവണയാണ് കൊളംബിയ കോപ്പയുടെ സെമിയിലെത്തുന്നത്. 2021ൽ സെമിയിൽ അർജന്റീനയോടാണ് തോറ്റത്.