'കൈയില്‍' പണമില്ലെങ്കിലും ടിക്കറ്റെടുക്കാം, കെഎസ്ആര്‍ടിസിയില്‍ കാലങ്ങളായി കാത്തിരുന്ന മാറ്റം ഉടന്‍

Monday 08 July 2024 12:36 AM IST

തിരുവനന്തപുരം: ഡിജിറ്റല്‍ യുഗത്തില്‍ കാലങ്ങളായി യാത്രക്കാരുടെ ആവശ്യമാണ് കെഎസ്ആര്‍ടിസിയിലും ഓണ്‍ലൈന്‍ പേമെന്റ് സൗകര്യം യാഥാര്‍ത്ഥ്യമാക്കണമെന്നത്. അധികം വൈകാതെ ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി.കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം നാല് മാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ടിക്കറ്റിംഗ് സൊലൂഷ്യന്‍ നിലവില്‍ വരുന്നതോടെ ഓരോ ആറ് സെക്കന്‍ഡിലും ബസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, മൊബൈല്‍ വാലറ്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വഴി ടിക്കറ്റെടുക്കാം. നിലവില്‍ കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കെ എസ് ആര്‍ ടി സിയില്‍ പുത്തന്‍ ചല മാറ്റങ്ങള്‍ക്കൂടി ആവിഷ്‌ക്കരിക്കാന്‍ തയ്യാറെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങാനാണ് തീരുമാനം. എല്ലാ പഞ്ചായത്ത് റോഡുകളിലും കെ എസ് ആര്‍ ടി സി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement