നല്ല നിറവും ഭംഗിയും വിലക്കുറവും കണ്ട് ഈ മൺപാത്രങ്ങൾ വാങ്ങരുത്,​ സംഭവിക്കുന്നത് ഗുരുതര പ്രശ്നം

Monday 08 July 2024 1:17 AM IST

പൊന്നാനി : നാമമാത്രമായ് ചുരുങ്ങി പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല. കാര്യമായ വരുമാനമില്ലാത്തതിനാൽ പരമ്പരാഗതമായി ഈ തൊഴിലിൽ ഏർപ്പെട്ടിരുന്ന പലരും മേഖലയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. വിൽപ്പന കുത്തനെ കുറഞ്ഞതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് പൊന്നാനി കുംഭാര കോളനിയിലുള്ളവർ പരമ്പരാഗത മൺപാത്ര മേഖലയുമായ് മുന്നോട്ട് പോകുന്നവരാണ് ഇവിടെയുള്ളവരിൽ കൂടുതലും. ഇവിടെ നേരിട്ടെത്തി വാങ്ങിയും വീടുകൾ കയറിയുമാണ് ഇവിടെ മൺപാത്രങ്ങളുടെ കച്ചവടം പ്രധാനമായും നടന്നിരുന്നത്. ഇന്ന് അത്തരത്തിൽ വിൽപ്പന നടത്തുന്ന ആളുകൾ ഇവിടെ കുറവാണ്. മഴക്കാലമെത്തിയതോടെ വീടു കയറിയുള്ള കച്ചവടം നിലച്ചു. അസംസ്‌കൃത വസ്തുക്കൾക്കുള്ള വിലവർദ്ധനവും തിരിച്ചടിയാണ്. വലിയ വില നൽകിയാലേ അസംസ്‌കൃത വസ്തുക്കളായ കളിമണ്ണും വിറകും വാങ്ങാനാവൂ. പൊന്നാനിയിലെ പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾ പ്രധാനമായും പട്ടാമ്പിയിൽ നിന്നാണ് കളിമണ്ണെത്തിക്കുന്നത്. ലോഡൊന്നിന് 20,​000 രൂപയിലധികം വേണം. പലരും കളിമണ്ണ് ചുട്ടെടുക്കുന്നത് വിറകടുപ്പിലാണ്. വിറകിനും നല്ല ചെലവാണ്. മഴക്കാലത്ത് വെയിലത്ത് ചുട്ടെടുക്കാനും ബുദ്ധിമുട്ടുണ്ട്. മെഷീനിലാക്കാമെന്ന് കരുതിയാൽ ലക്ഷങ്ങൾ വേണ്ടിവരും. ഇതൊന്നും താങ്ങാനുള്ള സാമ്പത്തിക ശേഷി ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കില്ല. അദ്ധ്വാനത്തിനുള്ള വില പാത്രങ്ങൾക്ക് ലഭിക്കുന്നുമില്ല.

പുറത്തുനിന്നുള്ള ഭീഷണി

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കളിമൺ പാത്രങ്ങൾ മൺപാത്ര മേഖലയ്ക്ക് ഭീഷണിയാവുന്നുണ്ട്.

ഇവയ്ക്ക് കാഴ്ച്ചയിൽ നല്ല നിറവും തിളക്കവും ഭംഗിയും ഉണ്ടാകുമെങ്കിലും നിറം കൂട്ടാൻ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും പോലെയുള്ള രാസവസ്തുക്കൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. ഇവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഇതര സംസ്ഥാനക്കാർ റോഡരികിൽ വിൽപ്പനയ്ക്ക് വയ്ക്കുന്ന പാത്രങ്ങൾ പലരും വാങ്ങുന്നുണ്ട്. വലിയ തോതിൽ കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കും

Advertisement
Advertisement