അപൂർവ്വാനുഭവമായി തുരീയം സംഗീതവേദി

Monday 08 July 2024 2:29 AM IST
ആതിര മോഹനെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പൊന്നാട അണിയിക്കുന്നു. കഥാകൃത്ത് ടി. പദ്മനാഭൻ സമീപം

പയ്യന്നൂർ: മാമ്പഴ മധുരമുള്ള ഓർമ്മയിലലിഞ്ഞ നിമിഷത്തിന് സാക്ഷിയായി തുരീയം സംഗീത വേദി. റിയാലിറ്റി ഷോ വേദിയിൽ ഈണം നൽകി അവതരിപ്പിച്ച കവിതയുടെ രചയിതാവിനെ നേരിൽക്കണ്ടത് ആതിരാ മോഹന് അനിർവചനീയ അനുഭവമായി. കവി മറ്റാരുമല്ല, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള!

പയ്യന്നൂരിൽ നടന്നുവരുന്ന തുരീയം സംഗീതോത്സവത്തിന്റെ സമാപന വേദിയിലാണ് ആതിര മോഹനെന്ന അന്നത്തെ കൗമാരക്കാരിയുടെ ഓർമ്മ പന്ത്രണ്ടു വർഷം പിന്നോട്ടോടിയത്. ഒരു പ്രമുഖ മലയാളം ചാനലിന്റെ കവിതാ റിയാലിറ്റി

ഷോയായ മാമ്പഴത്തിൽ ഒന്നാം സ്ഥാനം നേടിയ ഗായിക ആ കവിതയുടെ രചയിതാവിനെ നേരിട്ടു കണ്ടപ്പോൾ അമ്പരന്നു

പോയി.പി.എസ്. വെണ്മണി രചിച്ച വൃദ്ധ വിഷാദമായിരുന്നു ആലപിച്ച കവിത. അന്നാരും പി.എസ് വെണ്മണി എന്ന കവിയെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ മത്സരത്തിന്റെ ജഡ്ജസ്‌മാരിലൊരാളായ കവി പ്രഭാ വർമ്മയാണ് പി.എസ്. വെണ്മണി അന്നത്തെ പ്രമുഖ ബി.ജെ.പി നേതാവ് ശ്രീധരൻ പിള്ളയാണെന്നു തിരിച്ചറിഞ്ഞത്.

തുരീയത്തിന്റെ സമാപന ചടങ്ങിൽ ഉദ്ഘാടകൻ ശ്രീധരൻ പിള്ളയാണെന്നറിഞ്ഞപ്പോൾ ഇപ്പോൾ വീട്ടമ്മയായി കഴിയുന്ന ആതിരയും പത്രപ്രവർത്തകനായിരുന്ന ഭർത്താവ് ശ്രീധനേഷിനോടൊപ്പം കവിയെ നേരിൽ കാണാനെത്തി. തന്റെ കവിത ചൊല്ലി മനോഹരമാക്കിയ പാട്ടുകാരിയെ കാണണമെന്ന് കവിയും ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു.

ഇപ്പോൾ സംഗീതലോകത്ത് സജീവമല്ലെന്ന് അറിഞ്ഞപ്പോൾ, അത് പോരാ, ദൈവം കനിഞ്ഞു നൽകിയ വരദാനം തട്ടിക്കളയരുതെന്നും സംഗീതവേദിയിൽ ഇനി സജീവമാകണമെന്നും ഗവർണർ ഉപദേശിച്ചു. പിതൃതുല്യമായ ആ നിർദ്ദേശം സ്വീകരിച്ച് വീണ്ടും സംഗീതവേദികളിൽ തുടരാമെന്ന വാക്ക് നൽകിയാണ് ആതിര തിരിച്ചുപോയത്. കവിക്കും അത് സംതൃപ്തിയേകി.

Advertisement
Advertisement