ടെൻഷനില്ലാതെ കൃഷി ചെയ്യാം,​ കിലോയ്ക്ക് 70 രൂപ വരെ വില,​ നേട്ടം കൊയ്ത് കർഷകൻ

Monday 08 July 2024 2:38 AM IST

മാള : 'ടെൻഷൻ ഇല്ലാതെ കൃഷി ചെയ്യണോ, ധൈര്യമായി ചേനക്കൃഷി ചെയ്‌തോളൂ'- പറയുന്നത് 40 വർഷമായി മുടങ്ങാതെ ചേനക്കൃഷി ചെയ്യുന്ന കുണ്ടൂരിലെ ജോണി പാലമറ്റം. മാള പഞ്ചായത്തിലെ അണ്ണല്ലൂരിൽ 60 ഏക്കർ കൃഷിഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ ചെയ്യുകയാണ് ജോണി. 60 ഏക്കറിലെ അഞ്ചേക്കർ ഭൂമിയിൽ 15,000 കുഴിയിൽ ചേനക്കൃഷി ചെയ്യുന്നു.

'ചേനക്കൃഷിക്ക് ഒരുവിധ കീടനാശിനികളും ഉപയോഗിക്കാറില്ല. പറിച്ചാൽ കൃഷി സ്ഥലത്ത് വച്ചുതന്നെയാണ് വിൽപ്പന. കൂടുതലും വിൽപ്പന ആലുവ, എറണാകുളം, കോട്ടയം മാർക്കറ്റിലേക്കാണ്. ചില സമയങ്ങളിൽ കോയമ്പത്തൂരിലേക്കും ചേന പോകും. അതിനെല്ലാം ഏജൻസികളുണ്ട്. പൈസ അക്കൗണ്ടിൽ വരും. ഇപ്പോൾ 70 രൂപയോളം ചേനയ്ക്ക് വിലയുണ്ട്. ഡിസംബറിലാണ് ചേനക്കൃഷി തുടങ്ങുക. അടുത്ത ആഴ്ച മുതൽ ചേന പറിച്ചുതുടങ്ങും'. സംസ്ഥാന ഹരിതമിത്ര അവാർഡ് അടക്കം നിരവധി അവാർഡ് നേടിയ ജോണി പറയുന്നു.


വർഷങ്ങളായി വയനാട്ടിൽ നിന്നാണ് വിത്തുചേന കൊണ്ടുവരാറ്. എന്നാൽ അവിടെ പന്നിശല്യം കൂടിയതോടെ വിത്ത് കിട്ടാതെയായി. ഇപ്പോൾ രണ്ട് വർഷമായി കർണാടകത്തിലെ കുടകിൽ നിന്നാണ് ചേന വിത്ത് കൊണ്ടുവരുന്നത്. ചേന മുറിച്ച് കഷണങ്ങൾ പാകി മുളപ്പിച്ച് തൈകളായിട്ടാണ് ഓരോ കുഴിയിലും നടുക. അടിവളമായി കോഴിക്കാഷ്ഠവും മുള വരുമ്പോൾ യൂറിയ, പൊട്ടാഷ്, പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്ത വളവും കൊടുക്കും. ചേനയ്ക്ക് രണ്ടു പ്രാവശ്യം വളം ചെയ്യും. ഇപ്പോൾ പരീക്ഷണാർത്ഥം കടയ്ക്കൽ വളം കൊടുക്കാതെ എൻ.പി.കെ 13-00-45 എന്ന വളം പരീക്ഷണാർത്ഥം ഇലയിൽ സ്‌പ്രേ ചെയ്യുന്നു. ഇത് വളരെ ഫലപ്രദമാണ്. ഇപ്രകാരം ചെയ്യുമ്പോൾ കൂലിച്ചെലവ് വളരെ കുറവാണ്. ഭാര്യ റീനയ്ക്കും കുണ്ടൂരിൽ കൃഷിയുണ്ട്. മകൾ ബി.എസ്.സി നഴ്‌സിംഗ് പാസായി ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നു. മകൻ കാനഡയിൽ എൻജിനീയറാണ്.

ഡിസംബറിൽ നടുന്ന ചേന ജൂലായ് പകുതിയാകുമ്പോൾ പറിക്കും. ചെടി കണ്ടാൽ അറിയാം, അടിയിലെ ചേനയുടെ തൂക്കം. ഏകദേശം ആറ് കിലോയോളം തൂക്കം വരുമ്പോഴേ ചേന പറിക്കുകയുള്ളൂ. അതുവരെ കാത്തിരിക്കും.

ജോണി പാലമറ്റം

Advertisement
Advertisement