പ്രവാസികളുടെ കീശ ചോരാതിരിക്കാൻ പുതിയ നടപടിയുമായി യുഎഇ; സുപ്രധാന രേഖകൾ സൗജന്യമായി ലഭിക്കും

Monday 08 July 2024 12:28 PM IST

ദുബായ്: പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന പുതിയ നടപടിയുമായി ദുബായ് എമിറേറ്റ്‌സ് ദേശീയ ബാങ്ക് (എൻബിഡി). വിസ അപേക്ഷകർക്കും വായ്‌‌പക്കായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റൽ സ്റ്റാമ്പ് പതിപ്പിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി നൽകാനാണ് നാഷണൽ ബാങ്ക് ഒഫ് ദുബായിയുടെ തീരുമാനം. പേപ്പർ സ്റ്റേറ്റ്‌മെന്റുകൾ ആവശ്യപ്പെടുന്നവർക്കും സൗജന്യമായി നൽകും.

യുഎഇയിൽ വിസ അപേക്ഷിക്കുന്നതിനുൾപ്പെടെ വിവിധ കാര്യങ്ങൾക്ക് സ്റ്റാമ്പ് പതിപ്പിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യപ്പെടാറുണ്ട്. യൂറോപ്പ്, യുഎസ്‌എ പോലുള്ള വികസിത രാജ്യങ്ങളിൽ വിസ ലഭിക്കാൻ കൃത്യമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ വേണം.

വിസ അപേക്ഷകൾക്കായി ഡിജിറ്റലായി സ്റ്റാമ്പ് ചെയ്ത ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സ്വീകരിക്കുന്നത് ഓരോ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ചില കോൺസുലേറ്റുകളും എംബസികളും ഡിജിറ്റൽ സ്റ്റാമ്പ് പതിപ്പിച്ച രേഖകൾ ആവശ്യപ്പെടുമ്പോൾ മറ്റുചിലർ സാധാരണ ഫിസിക്കൽ സ്റ്റാമ്പുകൾ പതിപ്പിച്ചവയാണ് ആവശ്യപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് ബാങ്ക് രേഖകൾ സൗജന്യമായി നൽകുന്നതെന്ന് ദേശീയ ബാങ്ക് വ്യക്തമാക്കുന്നു.

പേപ്പറിൽ സ്റ്റാമ്പ് പതിപ്പിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യമുള്ളവർക്ക് ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ ആപ്പിലൂടെയോ കോൾ സെന്റർ വഴിയോ അപേക്ഷ നൽകാം. രണ്ടുദിവസത്തിനകം രേകഖൾ ആവശ്യക്കാർക്ക് കൊറിയർ വഴി ലഭ്യമാവും. ആറുമാസംവരെയുള്ള സ്റ്റേറ്റ്‌മെന്റുകൾക്കായി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ആറുമാസത്തിന് മുകളിലോ മൂന്നുവർഷംവരെയുള്ളതോ ആയ സ്റ്റേറ്റ്‌മെന്റുകൾക്കായി ബാങ്ക് സന്ദ‌ർശിക്കേണ്ടതുണ്ട്. ഇതിനായി എമിറേറ്റ്‌സ് ഐഡിയോ പാസ്‌പോർട്ടോ കയ്യിൽ കരുതണം.

ഡിജിറ്റലായി സ്റ്റാമ്പ് ചെയ്ത സ്റ്റേറ്റ്‌മെന്റുകൾ അപേക്ഷ നൽകി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്‌എംഎസായി ലഭിക്കും.

Advertisement
Advertisement