ബിരിയാണി സൽക്കാരം കടുത്ത ആചാരലംഘനം, തന്ത്രി പരാതി നൽകി; മദ്യപാനമടക്കം നടക്കാറുണ്ടെന്നും ആക്ഷേപം

Monday 08 July 2024 2:16 PM IST

തിരുവനന്തപുരം:ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ബിരിയാണി വിളമ്പിയ സംഭവം വിവാദമാകുന്നു. കടുത്ത ആചാര ലംഘനമാണ് നടന്നെതെന്ന് കാണിച്ച് മുഖ്യ തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭരണസമിതിക്കും, കവടിയാർ കൊട്ടാരത്തിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌‌നമുണ്ടാക്കിയെന്നും, ഇത്തരത്തിലുള്ള പ്രവണതകൾ കർശനമായി നിരോധിക്കണമെന്നും തന്ത്രി കത്തിൽ പറയുന്നു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 'അടുക്കള' എന്നറിയപ്പെടുന്ന സ്ഥലത്താണ് മാംസ വിഭവം വിളമ്പിയത്. ഒരു ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് സൂചന. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും, ജീവനക്കാരിൽ പലരും മദ്യവും മാംസവും ഇതേ സ്ഥലത്ത് ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ഭരണസമിതിയിലെ ഭിന്നതയാണ് ഇപ്പോൾ ബിരിയാണി സൽക്കാരം പുറത്തുവരാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്.

ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും രം​ഗത്തെത്തിയിട്ടുണ്ട്.നടന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സം​ഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കർശന നടപടി ആവശ്യപ്പെട്ട് സംഘനകൾ ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകിയിട്ടുണ്ട്.

Advertisement
Advertisement