100 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകാൻ പദ്ധതിയുമായി യങ് ഇന്ത്യൻസ്; ആദ്യ ഘട്ടത്തിൽ 13 പേർക്ക്

Monday 08 July 2024 5:06 PM IST

തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് തിരുവനന്തപുരം ചാപ്റ്ററിന്റെ യുവജന വിഭാഗമായ യങ് ഇന്ത്യൻസിന്റെ നേതൃത്വത്തിൽ ഈ വർഷം 100 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 13 പേർക്ക് ആധുനിക കൃത്രിമക്കാലുകൾ നൽകി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി വെല്ലുവിളി നേരിടുന്നവർക്കാണ് യങ് ഇന്ത്യൻസിന്റെ ആക്സിസിബിലിറ്റി വെർട്ടിക്കലിന്റെ ഭാഗമായി കൃത്രിമ കാലുകൾ നൽകിയത്. ഓട്ടോമോട്ടീവ് കമ്പനിയായായ വിസ്‌തിയോണിന്റെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


നേരത്തെ പഴയ രീതിയിലുള്ള കൃത്രിമ കാലുകളായിരുന്നു മിക്കവരും ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മടക്കാന്‍ സാധിക്കായ്ക, നടക്കാൻ ക്രച്ചസിന്റെ തുണ എന്നിവയായിരുന്നു ഇതിന്റെ പ്രധാന പ്രശ്നം. എന്നാല്‍ ഇപ്പോള്‍ നല്‍കിയ ആധുനിക കാലുകള്‍ നടക്കുമ്പോള്‍ അനായാസം മടങ്ങുകയും നിവരുകയും ചെയ്യും. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനും മറ്റ് ജോലികൾ ചെയ്യാനും സാധിക്കും.


ഒരു സഹായത്തിനപ്പുറം ജീവിതവഴിയിൽ കാൽ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ മനുഷ്യരെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനും അവർക്ക് സ്വന്തമായി ജോലികൾ ചെയ്യുന്നതിനുള്ള പ്രചോദനവും സഹായവും നല്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് വിസ്‌തിയോൺ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സിദ്ധാർത്ഥ ബംഗാർ പറഞ്ഞു.


നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് യങ് ഇന്ത്യൻസിന്റെ തിരുവനന്തപുരം ചാപ്റ്ററിനു കീഴിൽ നടത്തുന്നത്. അതിൽ ഒന്നാണ് ആക്സിസിബിലിറ്റി വെർട്ടിക്കലിന്റെ ഭാഗമായിട്ടുള്ള കൃത്രിമക്കാൽ നൽകുന്ന പദ്ധതി. തുടർന്നുള്ള മാസങ്ങളിലും ഈ പ്രവർത്തനം വിപുലീകരിച്ചു ഈ വർഷം 100 പേർക്ക് കൃത്രിമ കാൽ നൽകാനാണ് ശ്രമമെന്ന് യങ് ഇന്ത്യൻ ആക്സിസിബിലിറ്റി വെർട്ടിക്കൽ ചെയർമാൻ സിജോ ലൂയിസ് പറഞ്ഞു.


ഈ വർഷം 100 പേർക്കാണ് ഇത്തരത്തിൽ കൃത്രിമ കാലുകൾ നൽകാൻ യങ് ഇന്ത്യൻസ് പദ്ധതിയിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായവർക്ക് ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 87146 91172


യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ അധ്യക്ഷൻ ഡോ. സുമേഷ് ചന്ദ്രൻ, സഹ അധ്യക്ഷ ശങ്കരി ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement