പ്രതാപകാലത്തേക്ക് മടങ്ങണം, ഇതിഹാസതാരത്തെ പരിശീലകനാക്കി ശ്രീലങ്ക

Monday 08 July 2024 7:57 PM IST


കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി ഇതിഹാസ താരം സനത് ജയസൂര്യയെ നിയമിച്ചു. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകുന്നതുവരെ ജയസൂര്യ ശ്രീലങ്കയുടെ മുഖ്യ പരിശീലകനായി തുടരും. മൂന്ന് ടെസ്സ് മത്സരങ്ങളാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ഓഗസ്റ്റ് 21 ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ ആദ്യ മത്സരം.

പരിശീലകസ്ഥാനത്തു നിന്നും രാജിവച്ച ക്രിസ് സില്‍വര്‍വുഡിന് പകരക്കാരനായാണ് ജയസൂര്യ എത്തുന്നത്. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു സില്‍വര്‍വുഡിന്റെ രാജി. കഴിഞ്ഞ കുറച്ച് നാളുകളായി ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ്.

ഒരുകാലത്ത് ലോകക്രിക്കറ്റിലെ വമ്പന്‍മാരായിരുന്ന ലങ്കയ്ക്ക് ഒരു ഫോര്‍മാറ്റിലും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നില്ല.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളോട് പോലും പലപ്പോഴും മുട്ടിനില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. 2014ലെ ട്വന്റി 20 ലോകകപ്പ് വിജയിച്ചതാണ് ശ്രീലങ്കയുടെ അവസാനത്തെ പ്രധാന നേട്ടം. പിന്നീട് 2022ല്‍ ഏഷ്യാ കപ്പിലും വിജയിച്ചിരുന്നു.

സൂപ്പര്‍ താരങ്ങളായിരുന്ന കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ, തിലകരത്‌ന ദില്‍ഷാന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള തലമുറമാറ്റം മുതലാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന് തിരിച്ചടി തുടങ്ങിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് തലപ്പത്തുള്ളവരുടെ കാര്യക്ഷമതയില്ലായ്മയും ഇന്നത്തെ അവസ്ഥയ്ക്ക് വലിയ കാരണമാണ്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് പുതിയ പരിശീലകനായ സനത് ജയസൂര്യ. മൂന്ന് ഫോര്‍മാറ്റുകളിലുമായി 586 മത്സരങ്ങളില്‍ നിന്ന് 21,036 റണ്‍സും 440 വിക്കറ്റുകളുമാണ് ജയസൂര്യയുടെ സമ്പാദ്യം. നേരത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായി ജയസൂര്യ പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്റെ വരവോടെ ടീം രക്ഷപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement