കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ ഹർജി തള്ളി
കൊച്ചി: കണ്ടല സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് കേസ് റദ്ദാക്കണമെന്ന ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ ഹർജി ഹൈക്കോടതി തള്ളി.100 കോടിയിലധികം രൂപയുടെ ക്രമക്കേടാണെന്നും ബാങ്കിന്റെ തകർച്ചയിലേക്കാണ് ഇത് നയിച്ചതെന്നുമുള്ള സർക്കാർ വാദം
കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
നിക്ഷേപത്തുക തിരികെ നൽകിയില്ലെന്ന കണ്ടല സ്വദേശി അയ്യപ്പൻനായരുടെ പരാതി പ്രകാരം
മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജി.
ഏറെപ്പേരിൽ നിന്ന് സ്വീകരിച്ച നിക്ഷേപം മതിയായ ഈടില്ലാതെ ഭാസുരാംഗൻ ബന്ധുക്കൾക്ക് വായ്പയായി നൽകിയെന്ന് സർക്കാർ വിശദീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചും ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. സുപ്രീംകോടതിയുടെ വിലക്കുള്ളതിനാൽ പൊലീസിന് ഹർജിക്കാരനെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും സർക്കാർ അറിയിച്ചു. നവംബറിൽ ഇ.ഡിയുടെ പിടിയിലായ ഭാസുരാംഗൻ ജയിലിൽ തുടരുകയാണ്.