കരുവന്നൂർ: ഇ.ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവ്

Tuesday 09 July 2024 1:20 AM IST

രണ്ടു മാസത്തിനകം പരിശോധന പൂർത്തിയാക്കണം

കൊച്ചി: കോടികളുടെ വായ്പാ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകൾ ശാസ്ത്രീയ പരിശോധനകൾക്കായി രണ്ടു മാസത്തേക്ക് ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്. രേഖകൾ സൂക്ഷിച്ചിരിക്കുന്ന കൊച്ചിയിലെ പി.എം.എൽ.എ കോടതിക്കാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർദ്ദേശം. ക്രൈംബ്രാഞ്ചിന്റെ ഹർജിയിലാണിത്.

പരിശോധന രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ തിരുവനന്തപുരത്തെ ഫോറൻസിക് ലാബ് ഡയറക്ടർ, തൃശൂർ ഫോറൻസിക് ലാബ് ജോ. ഡയറക്ടർ, ഫിംഗർ പ്രിന്റ് ബ്യൂറോ മേധാവി എന്നിവർക്കും നിർദ്ദേശമുണ്ട്. കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെങ്കിൽ കോടതി മുഖേന ആവശ്യപ്പെടണം.

കരുവന്നൂർ ബാങ്കിൽ വ്യാജരേഖകൾ ചമച്ചും കള്ളയൊപ്പിട്ടും വായ്പകൾ അനുവദിച്ചത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിലുണ്ട്. രേഖകൾ ഇ.ഡി പിടിച്ചെടുത്തതിനാൽ അന്വേഷണം വഴിമുട്ടിയെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. 90 ഇടപാടുകളുമായി ബന്ധപ്പെട്ട യഥാർത്ഥ ഫയലുകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഇ.ഡി വിസമ്മതിച്ചിരുന്നു. ക്രൈംബ്രാഞ്ച് പി.എം.എൽ.എ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫോറൻസിക് പരിശോധനയ്‌ക്കായി യഥാർത്ഥ രേഖകൾ നൽകിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കപ്പെടുമെന്നും ഇ.ഡിയുടെ കേസും നിലനിൽക്കാത്ത അവസ്ഥവരുമെന്നും ക്രൈംബ്രാഞ്ച് വാദിച്ചു.

രേഖകൾ കിട്ടാത്തതിന്റെ പേരിൽ അന്വേഷണം തടസപ്പെടരുതെന്ന് അഭിപ്രായപ്പെട്ട കോടതി, ഇ.ഡിയുടെ വിശദീകരണം തേടിയിരുന്നു. രേഖകൾ കൈമാറിയാൽ തിരിച്ചുകിട്ടാത്ത സ്ഥിതിയുണ്ടാകുമെന്ന ആശങ്ക ഇ.ഡി കോടതിയെ അറിയിച്ചപ്പോഴാണ് രണ്ടു മാസമെന്ന ഉപാധിയോടെ നൽകാൻ നിർദ്ദേശിച്ചത്.

Advertisement
Advertisement