എയർ കേരള വാനിലേക്ക്

Tuesday 09 July 2024 12:51 AM IST

പ്രാഥമിക നിക്ഷേപം 250 കോടി രൂപ

കൊച്ചി: എയർ കേരള വിമാനക്കമ്പനി പറക്കാൻ തയ്യാറെടുക്കുന്നു. പ്രവാസി വ്യവസായികളുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി പുതിയ വിമാന കമ്പനി ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തന അനുമതി(എൻ.ഒ.സി) ലഭിച്ചെന്ന് പ്രൊമോട്ടർമാരായ ദുബായിലെ സെറ്റ് ഫ്ളൈ ഏവിയേഷൻ അറിയിച്ചു. ആഭ്യന്തര സർവീസാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. തുടർന്ന് കേരള- ഗൾഫ് സെക്ടറിൽ രാജ്യാന്തര സർവീസും മിതമായ നിരക്കിൽ ആരംഭിക്കുമെന്ന് സെറ്റ് ഫ്ളൈ ഏവിയേഷൻ ചെയർമാനും മലയാളി വ്യവസായിയിയുമായ അഫി അഹമ്മദ് പറഞ്ഞു. പ്രാഥമിക നിക്ഷേപം 250 കോടിയാണ്. സംസ്ഥാന സർക്കാരിനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയ്ക്കും(സിയാൽ) 25 ശതമാനം ഓഹരികൾ സംരംഭത്തിലുണ്ടാകുമെന്നാണ് സൂചന. എയർ കേരള ആസ്ഥാനം കൊച്ചിയിലായേക്കും.

എയർ കേരള സർവീസ് തുടങ്ങുന്നതോടെ പ്രവാസികളുടെ ദീർഘകാല സ്വപ്നമാണ് പൂവണിയുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം, യാത്ര മേഖലയ്ക്കും പുതിയ കമ്പനി വലിയ മുന്നേറ്റം സൃഷ്ടിക്കും.

തുടക്കത്തിൽ ചെറുനഗരങ്ങളിലേക്ക് സർവീസ്

ഫ്രഞ്ച് നിർമ്മിതമായ 78 സീറ്റുള്ള മൂന്ന് എ.ടി.ആർ. 72-600 ഡബിൾ എൻജിൻ വിമാനങ്ങളാകും ആദ്യം ഉപയോഗിക്കുക. ഇവ പാട്ടത്തിനെടുക്കാനാണ് ആലോചന. സർവീസ് ആരംഭിക്കും മുമ്പ് നിയമപരമായ നിരവധി കടമ്പകൾ കടക്കാനുണ്ട്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും പൂർത്തിയാക്കാനുണ്ട്. വിമാനങ്ങളും ഏർപ്പാടാക്കണം. വ്യോമയാന മന്ത്രാലയം നിഷ്‌കർഷിക്കുന്ന എല്ലാ സുരക്ഷാ നിലവാരങ്ങളും പാലിക്കുമെന്ന് ഉറപ്പാക്കുകയാണ് പ്രധാന ദൗത്യമെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. അന്താരാഷട്ര സർവീസ് ആരംഭിക്കണമെങ്കിൽ 20 വിമാനങ്ങളും അഞ്ചുവർഷത്തെ അനുഭവസമ്പത്തും വേണം. ആദ്യഘട്ടത്തിൽ തന്നെ 350 തൊഴിൽ അവസരങ്ങൾ എയർ കേരള സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് അഫി അഹമ്മദ് പറഞ്ഞു.

തുടക്കത്തിൽ ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ച് രാജ്യാന്തര തലത്തിലേക്ക് സേവനം വ്യാപിപ്പിക്കുവാനാണ് എയർ കേരളയുടെ ലക്ഷ്യം

അഫി അഹമ്മദ്

ചെയർമാൻ

സെറ്റ് ഫ്ളൈ

Advertisement
Advertisement