ലാഭത്തിൽ വൻകുതിപ്പോടെ ഇൻകെൽ

Tuesday 09 July 2024 12:53 AM IST

തിരുവനന്തപുരം: പൊതു, സ്വകാര്യ പങ്കാളിത്തത്തിലുള്ള കേരള സർക്കാർ കമ്പനിയായ ഇൻകെൽ ലിമിറ്റഡിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 14.43 കോടി രൂപയിൽ നിന്ന് 114 ശതമാനം വളർച്ചയോടെ 30.74 കോടിയായി കുതിച്ചുയർന്നു. വിറ്റുവരവ് മുൻ വർഷത്തെ 100.98 കോടിയിൽ നിന്ന് 15 ശതമാനം വളർച്ചയോടെ 115.10 കോടി രൂപയിലെത്തി.

ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം കമ്പനി ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഓഹരി ഉടമകൾക്ക് ലാഭവിഹിതവും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. സെപ്തംബറിൽ നടക്കുന്ന ഇൻകെൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ ലാഭവിഹിതം തീരുമാനിക്കും.

വിഭവങ്ങളുടെ മികച്ച വിനിയോഗവും പദ്ധതികളുടെ വൈവിദ്ധ്യവത്കരണവുമാണ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്. സംസ്ഥാനത്ത് പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഇൻകെലിന് ഏറെ പങ്കാളിത്തമുണ്ട്.

വിപണി വികസിപ്പിക്കുന്നു

അന്യ സംസ്ഥാനങ്ങളിലെ പുനരുപയോഗ ഊർജ വിപണിയിലേക്ക് കടക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മുൻനിര കമ്പനികളുമായി ഇൻകെൽ ചർച്ചകൾ ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ ഇൻകെലിന് 200 മെഗാവാട്ടിനടുത്ത് പ്ലാന്റുകൾ സ്ഥാപിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതി നടപ്പിലാക്കുന്നതിനായി ഇൻകെൽ റീ എന്ന ഉപസ്ഥാപനം രൂപീകരിച്ച് കാറ്റിൽ നിന്ന് 14 മെഗാവാട്ടിന്റെയും സൗരോർജത്തിൽ നിന്ന് 18 മെഗാവാട്ടിന്റെയും ഉൾപ്പെടെ 32 മെഗാവാട്ടിന്റെ പദ്ധതികളുടെ ഒരുക്കങ്ങൾ നടക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി 25 വർഷത്തെ പവർ പർച്ചേസ് എഗ്രിമെന്റ് (പി.പി.എ) പ്രകാരം കെ.എസ്.ഇ.ബിക്ക് നൽകാനും സൗരോർജ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് നൽകാനുമാണ് പദ്ധതിയെന്ന് ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ .ഇളങ്കോവൻ പറഞ്ഞു.

Advertisement
Advertisement