'പച്ച മനുഷ്യൻ" ഇനി കോളേജിൽ പാഠഭാഗം

Tuesday 09 July 2024 1:46 AM IST

കോഴിക്കോട്: പച്ച പാന്റ്സും പച്ച ഷർട്ടും പച്ച തൊപ്പിയുമണിഞ്ഞ് പ്രകൃതിയുടെ പച്ചപ്പിനൊപ്പം ജീവിച്ചു പോയ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രന്റ 'പച്ചയായ ജീവിതം' ഇനി പാഠഭാഗങ്ങളിലൂടെ വിദ്യാർത്ഥികൾ അടുത്തറിയും.

കേരള, എം.ജി സർവകലാശാലകളുടെ നാലു വർഷ ബിരുദ കോഴ്സ് സിലബസിലാണ് യുവ എഴുത്തുകാരൻ ഡോ. ദീപേഷ് കരിമ്പുങ്കര 'മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം", 'മൊളക്കാൽമുരുവിലെ രാപ്പകലുകൾ" എന്നീ പുസ്തകങ്ങളിൽ പ്രൊഫ. ടി. ശോഭീന്ദ്രനെക്കുറിച്ച് എഴുതിയ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 'മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം" പുസ്തകത്തിലെ 'വിശപ്പിന്റെ വഴിയമ്പലങ്ങളിൽ" എന്ന അദ്ധ്യായമാണ് എം.ജി സർവകലാശാല മലയാളം പാഠപുസ്തകത്തിലുള്ളത്. 'മൊളക്കാൽമുരുവിലെ രാപ്പകലുകൾ എന്ന പുസ്തകത്തിലെ 'ബ്രഹ്മഗിരിയിലേക്ക് ഒരു ചരിത്രയാത്ര" എന്ന അദ്ധ്യായമാണ് കേരള സർവകാലശാല ബിരുദ സിലബസിലുള്ളത്. സംവിധായകൻ ജോൺ അബ്രഹാം അമ്മ അറിയാൻ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ ശോഭീന്ദ്രൻ മാഷിന്റെ പച്ച രാജദൂത് ബൈക്കിൽ നടത്തിയ യാത്രകളാണ് 'മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം". കർണാടകത്തിലെ മൊളക്കാൽമുരു എന്ന അതിർത്തി ഗ്രാമത്തിൽ കോളേജ് അദ്ധ്യാപകനായിരുന്ന കാലത്തെ അനുഭവങ്ങളാണ് മൊളക്കാൽമുരുവിലെ രാപ്പകലുകളിൽ.

 കൊവിഡ് കാലത്തെ സൃഷ്ടികൾ

കക്കോടി മൂട്ടോളി സ്വദേശിയും ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് മലയാളവിഭാഗം മേധാവിയുമായ ഡോ. ദീപേഷ് കരിമ്പുങ്കര കൊവിഡ് കാലത്ത് എഴുതിയതാണ് ഇവ. ദീപേഷിന്റെ 'മരുഭൂമിയിലെ മറുജീവിതങ്ങൾ എന്ന പുസ്തകവും കേരള സർവകാലശാലയുടെ സിലബസിൽ നേരത്തെ ഇടം നേടിയിരുന്നു. ഈ വർഷത്തെ സി.ബി.എ.ഇ കേരളപാഠാവലി സിലബസിലും 'മരുഭൂമിയിലെ മറുജീവിതങ്ങൾ", 'മൊളക്കാൽമുരുവിലെ രാപ്പകലുകളിലെ അദ്ധ്യായങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ മഹാകവി പി. സ്മാരക സാഹിത്യപുരസ്‌കാരവും 2024 ൽ യു.എ.ഇ മലയാളി കൂട്ടായ്മ ഏർപ്പെടുത്തിയ വി.എം. സതീഷ് സ്മാരക പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: ബോധി കൃഷ്ണ (ഫാറൂഖ് കോളേജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക). മക്കൾ: ആദ്യ വെെദേഹി, അവനി മിത്ര.