ആ സ്മാഷുകൾ ഇനി ഓർമ്മ

Tuesday 09 July 2024 2:17 AM IST
സി .കെ ഔസേഫ്

മുൻ ഇന്ത്യൻ വോളിബോൾ താരം നെയ്യശ്ശേരി ജോസ് അന്തരിച്ചു

തൊടുപുഴ : പതിറ്റാണ്ടുകളോം വോളിബാളിലെ മിന്നും താരമായിരുന്ന നെയ്യശ്ശേരി ജോസ് എന്ന സി .കെ ഔസേഫ് അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ വൈകിട്ട് പതിവുപോലെ നെയ്യശ്ശേരി സിറ്റിയിലേക്ക് വരുന്ന വഴി അസ്വസ്ഥത തോന്നിയതിനെ തുടർന്ന് അദ്ദേഹത്തെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നെയ്യശ്ശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ മകനായ ഔസേഫ് കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ പോൾവാൾട്ട് ,ഹൈജമ്പ് ,ട്രിപ്പിൾ ജമ്പ് ,ഓട്ടം എന്നിവയിൽ ജില്ലാ ചാമ്പ്യാനായിരുന്നു .

റെയിൽവേയിൽ ജോലിയിലിരിക്കെ അന്ന് ഫാക്ട് വോളിബാൾ ടീമിന്റെ ക്യാപ്ടൻ മുതലക്കോടം സ്വദേശി എം .എ കുര്യാക്കോസാണ് ഔസേഫിനെ ഫാക്ട് വോളിബാൾ ടീമിലെത്തിച്ചത്. ഫാക്ട് ടീമിനൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ജോസ് കേരളാ ടീമിലും സ്ഥിരസാന്നിധ്യമായി. ഒമ്പതുവർഷം കേരളാ ജേഴ്സിയണിഞ്ഞു. എതിരാളികളെ തരിപ്പണമാക്കുന്ന തകർപ്പൻ സ്മാഷുകളുടെ ആശാനായിരുന്ന ജോസ് പിന്നീട് ഇന്ത്യൻ ടീമിലുമെത്തി. സിങ്കപ്പൂരിലും സിലോണിലും ഇന്ത്യൻ ജേഴ്സിയിൽതകർപ്പൻ പ്രകടനം പുറത്തെടുത്തു .ഒന്നര പതിറ്റാണ്ടു കളിക്കാരനായും ദീർഘകാലം ഫാക്ട് സ്‌കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും നിറഞ്ഞു നിന്ന ജോസ് മൂന്നു വർഷം ഔദ്യോഗിക ജീവിതം ബാക്കി നിൽക്കെ ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനാണ്.

സംസ്‌കാരം നാളെ രാവിലെ 10 .30 ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി യിൽ. സഹോദരങ്ങൾ: ജോർജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്റ്റർ മേരി കുര്യാക്കോസ്, ഏലിക്കുട്ടി.ഭൗതിക ശരീരം ഇന്ന് വൈകുന്നേരം വസതിയിൽ കൊണ്ടുവരും .

Advertisement
Advertisement