കയറ്റുമതി നിരോധനം: ചെമ്മീന് ഡിമാന്റില്ല,​ കുത്തനെ കുറഞ്ഞ് വില

Wednesday 10 July 2024 12:10 AM IST

കൊച്ചി: കയറ്റുമതി കുറഞ്ഞതോടെ പ്രതാപം കുറഞ്ഞ് ചെമ്മീൻ. ഒപ്പം വിലയും കുത്തനെ കുറഞ്ഞു. കടലാമകളെ സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആരോപിച്ച് അമേരിക്ക കയറ്റുമതി നിരോധിച്ചതാണ് പ്രധാന കാരണം. വലയിൽ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കുന്ന ഉപകരണമായ 'ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്' വലകളിൽ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ച് 2019ലായിരുന്നു നിരോധനം.

ട്രോളിംഗ് നിരോധനസമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ ലഭിക്കുക. അമേരിക്കയിൽ ഏറ്റവും ഡിമാൻഡുള്ളതും ചെമ്മീനാണ്. ഇന്ത്യയിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും കടലാമ ട്രോളിംഗിന്റെ ഭാഗമായി പിടിക്കുന്നില്ല. ഒറീസയിൽ കടലാമകളുടെ പ്രജനന കാലത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നുമുണ്ട്. കേരളത്തിലെ മത്സ്യോത്പാദനഘട്ടത്തിലൊരിക്കൽപ്പോലും കടലാമകൾ വലയിൽ കയറുന്നതായി റിപ്പോർട്ടുമില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ 41 ശതമാനം വിലകുറച്ചാണ് ചെമ്മീൻ എടുക്കുന്നത്.

അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്തിരുന്ന കൊച്ചിൻ ഫ്രോസൺ

പോലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം കയറ്റുമതി ചെയ്യപ്പെടുന്ന 67,000 കോടി രൂപയുടെ മത്സ്യ ഉത്പന്നങ്ങളിൽ 2000 കോടി രൂപയും കടലിൽ നിന്നും പിടിക്കുന്ന ചെമ്മീനിൽ നിന്നാണ് ലഭിക്കുന്നത്.

ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്

വലയിൽ കുടുങ്ങുന്ന കടലാമകൾക്ക് ഈ ഉപകരണംവഴി പുറത്തുകടക്കാനാകും. മീൻ പുറത്തുപോകുകയുമില്ല. കടലാമകൾ ചാവുന്നത് അധികവും വലകളിൽ കുടുങ്ങിയാണ്. ബോട്ടുകളിൽപ്പെടുന്ന കടലാമകൾ ദിവസങ്ങളോളം കുടുങ്ങിക്കുകയും ചെയ്യും

 കേരളത്തിൽ യോഗം
വിഷയം ചർച്ചചെയ്യാൻ മുംബയിൽ മത്സ്യമേഖലയിലുള്ളവരുടെ യോഗം നടന്നു. അടുത്തയോഗം കൊച്ചിയിൽ നടക്കും. എം.പി.ഡി.എ, സി.ഐ.എഫ്.ടി. എന്നീ ഏജൻസികളാണ് യോഗം നടത്തുന്നത്. മുംബയിൽ പങ്കെടുത്ത ബോട്ടുടമകൾ ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഘടിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

കേരളത്തിലെ ചെമ്മീൻ വില

(മുമ്പുള്ള വിലയും നിലവിലെ വിലയും)

പൂവാലൻ ചെമ്മീൻ- 200, 80

തെള്ളി ചെമ്മീൻ- 150, 90

മൂന്നാംലോക രാജ്യങ്ങളിൽ നിന്ന് വിപണി സംരക്ഷിക്കാനുള്ള അമേരിക്കയുടെ സങ്കുചിത താത്പര്യമാണ് നിരോധനത്തിന് പിന്നിൽ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതി‌ർക്കും

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

Advertisement
Advertisement