സർക്കാർ രേഖകളും പെൻഷനും ഏറ്റുവാങ്ങി കാളുകുറുമ്പൻ

Wednesday 10 July 2024 12:58 AM IST

ചോറ്റാനിക്കര: സർക്കാർ രേഖകൾ കൈയിലെത്തുമ്പോൾ വർഷങ്ങളോളം 'അജ്ഞാത’നായി കഴിഞ്ഞിരുന്ന കാളുകുറുമ്പന്റെ കണ്ണുകൾ നിറ‌ഞ്ഞു. രേഖകളില്ലെന്ന പേരിൽ ഇനി കാളുകുറുമ്പന് പെൻഷനടക്കം മറ്റ് അനുകൂല്യങ്ങൾ ലഭിക്കാതിരിക്കില്ല. റേഷൻ കാർഡ്, അധാർ കാർഡ്, വോട്ടർ ഐ.ഡി എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷ്, വാർഡ് അംഗം കെ. കെ.സിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ കൈമാറി. ഒപ്പം കണയന്നൂർ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ പെൻഷനും കാളുകുറുമ്പന് കൈമാറി.

സ്വര മാധുര്യത്താൽ നാട്ടുകാരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന കാളുകുറുമ്പനെന്ന അന്ധഗായകന് 80 വയസിനു മുകളിൽ പ്രായമുണ്ടായിട്ടും റേഷൻ കാർഡും ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഇല്ലാതെ 'അജ്ഞാതനായി' ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡിൽ തെക്കിനേത്ത് നിരപ്പിൽ ജീവിക്കുകയായിരുന്നു. കാളുകുറുമ്പന്റെ കഥ കേരളകൗമുദി കഴിഞ്ഞ വർഷം ഏപ്രിൽ 18ന് പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്. വാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായങ്ങളെത്തി. ജില്ലാ കളക്ടറും സ്ഥലത്തെത്തി സഹായം ഉറപ്പു നൽകിയിരുന്നു. തുടർന്ന് ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളം അനുവദിച്ച് നൽകി. രേഖകൾ തിരഞ്ഞെടുപ്പിന് മുമ്പേ പഞ്ചായത്തിൽ എത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ കൈമാറിയില്ല.

Advertisement
Advertisement