മൂന്നാർ കൈയേറ്റം: പൊതുതാത്പര്യ ഹ‌ർജികൾ പ്രത്യേകം പരിഗണിക്കും

Wednesday 10 July 2024 1:22 AM IST

കൊച്ചി: മൂന്നാർ മേഖലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജികളിൽ ഹൈക്കോടതി പ്രത്യേകം വാദം കേൾക്കും. ഈ ഹർജികളിൽ തീരുമാനമെടുത്ത ശേഷമായിരിക്കും മറ്റ് ഹരിതവിഷയങ്ങൾ പരിഗണിക്കുകയെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി.മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കോടതിയുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വന്നതിനാൽ ഇന്നലെയാണ് മൂന്നാർ വിഷയം ഈ ബെഞ്ചിന്റെ പരിഗണനയ്ക്ക് ആദ്യമായി വന്നത്. തുടർന്ന് ജൂലായ് 23,24 തീയതികളിൽ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
കൈയേറ്റം ഒഴിപ്പിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹർജികൾ 2007 മുതൽ കോടതിയുടെ പരിഗണനയിലുളളതാണെന്ന് ഹർജിക്കാരും അമിക്കസ് ക്യൂറിയും അറിയിച്ചു. ഇതിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ പോലും നടപ്പാക്കിയിട്ടില്ലെന്നും വിശദീകരിച്ചു.
ഇടുക്കിയിൽ വ്യാജപട്ടയങ്ങൾ നൽകിയതിൽ ഉദ്യോഗസ്ഥരടക്കമുളളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ഐ.ജി കെ.സേതുരാമന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘത്തിന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ രൂപം നൽകിയിരുന്നു.

Advertisement
Advertisement