കാസര്‍കോട് - തിരുവനന്തപുരം @643 കിലോമീറ്റര്‍, ദേശീയപാതയില്‍ പറക്കാന്‍ കേരളം
തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാകില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി. പിണറായി വിജയന്‍ സര്‍ക്കാരും കേന്ദ്രവും കൈകോര്‍ത്തപ്പോള്‍ അതിവേഗം കേരള വികസനത്തിന്റെ സുപ്രധാന നാഴികകല്ലായി മാറുകയാണ്. പറഞ്ഞുവരുന്നത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന എന്‍എച്ച് 66ന്റെ ഭാഗമായ ദേശീയപാതയെക്കുറിച്ചാണ്. അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തായിക്കുമെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചത്.
തെക്ക് മുതല്‍ വടക്ക് വരെയുള്ള കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നത് മാത്രമല്ല ദേശീയപാതയുടെ ഉപയോഗം. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പാതയാണിത്. 45 മീറ്റര്‍ വീതിയില്‍ 17 റീച്ചുകളിലായി 643 കിലോമീറ്റര്‍ ദേശീയപാതയാണ് കേരളത്തില്‍ പണിയുന്നത്. ഇതില്‍ 13 കിലോമീറ്റര്‍ ദൂരത്തിലുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ എലിവേറ്റഡ് പാതയും ഉള്‍പ്പെടുന്നു. ആലപ്പുഴയിലൂടെ കടന്ന് പോകുന്ന അരൂര്‍ -തുറവൂര്‍ ഉയരപ്പാതയാണ് ഇത്.
2025 ഡിസംബറോടെ 45 മീറ്റര്‍ ആറുവരിപ്പാത ഏകദേശം പൂര്‍ണമായും പണിതീര്‍ക്കാനാകുമെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പണിതീരുന്ന റീച്ചുകള്‍ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കുമെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ഓരോ റീച്ചിലും സമയബന്ധിതമായി ജോലി നടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറയുന്നു.
നിലവില്‍ പണി പൂര്‍ത്തിയായ റീച്ചുകള്‍ ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്. മുക്കോല-കഴക്കൂട്ടം, കാരോട്-മുക്കോല, കഴക്കൂട്ടം മേല്‍പ്പാലം, നീലേശ്വരം ടൗണ്‍ ആര്‍ഒബി, തലശേരി - മാഹി ബൈപ്പാസ്, മൂരാട് പാലം തുടങ്ങിയവ ഗതാഗതത്തിനായി തുറന്നുനല്‍കിക്കഴിഞ്ഞു. മറ്റ് നിരവധി റീച്ചുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനത്തിന് മുകളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.