താലൂക്ക് ആശുപത്രികളിലും ആന്റിവെനമെത്തും, ആശുപത്രികളുടെ പട്ടിക പുതുക്കും
തിരുവനന്തപുരം: പാമ്പുകടി ഏൽക്കുന്നവർക്കുള്ള ആന്റിവെനം മരുന്ന് താലൂക്കുതലം മുതലുള്ള ആശുപത്രികളിൽ ഉറപ്പാക്കും. ഇതിനായി ആന്റിവെനം ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക ആരോഗ്യവകുപ്പ് പുതുക്കാനും ഇന്നലെ ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാർ-സ്വകാര്യ ആശുപത്രികളുടെ പട്ടികയാണ് പുതുക്കുന്നത്.
ജില്ലതിരിച്ചുള്ള 2019ലെ പട്ടികയാണ് ആരോഗ്യവകുപ്പിലുള്ളത്. ഇത് പുതുക്കി കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് നിർദ്ദേശിച്ചു. അന്തിമപട്ടിക ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലും മാദ്ധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും. വേഗത്തിൽ ആന്റിവെനം ലഭിക്കുന്ന ആശുപത്രിയിൽ രോഗിയെ എത്തിക്കാൻ സഹായിക്കുന്നതരത്തിൽ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു.
പാമ്പുകളുടെ പ്രോട്ടീനുകളാണ് വിഷം. ഇത് നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, അവയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ആന്റിവെനം.
സർക്കാർ ആശുപത്രികളിൽ സൗജന്യം
ആന്റിവെനം മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സ്റ്റോക്കുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യവുമാണ്. ശരീരത്തിലെത്തിയ വിഷവും രക്തസ്രാവവും കണക്കിലെടുത്താണ് മരുന്ന് നൽകുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പാമ്പുകടിയേൽക്കുന്ന കേസുകൾ കൂടുതലെന്ന് ഡോക്ടർമാർ പറഞ്ഞു. പൊടിയായും ദ്രാവകരൂപത്തിലും ആന്റിവെനം ലഭിക്കും.