പൊൻമുടിയിലെ പുതിയ ബ്ലോക്കിന് 99 ലക്ഷം (ഡെക്ക് ) ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരങ്ങൾ മുഖംമിനുക്കും
കോഴിക്കോട്, ദേവികുളം യാത്രി നിവാസ് നവീകരണം ഉടൻ
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും നവീകരണത്തിനും 28.5 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി. തിരുവനന്തപുരം പൊൻമുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്റെ ഇന്റീരിയർ ഫർണിഷിംഗിന് 99.90 ലക്ഷം രൂപ അനുവദിച്ചു. ഡിസംബറോടെ പൊതുജനത്തിന് തുറന്നുകൊടുക്കും.
കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിലെ യാത്രി നിവാസിന്റെ നവീകരണത്തിന് ഒമ്പത് കോടി അനുവദിച്ചിട്ടുണ്ട്. ദേവികുളത്തെ യാത്രി നിവാസ് നവീകരണത്തിന് 98 ലക്ഷം രൂപയും നൽകി. കെട്ടിടം മോടിപിടിപ്പിക്കൽ, ഓഫീസ് മുറിയുടെ എക്സ്റ്റീരിയർ, അടുക്കളയുടെയും സ്റ്റാഫ് റൂമിന്റെയും വൈദ്യുതീകരണം, ലാൻഡ്സ്‌കേപ്പിംഗ് എന്നിവയും പദ്ധതിയിലുണ്ട്.
കൊല്ലം ഗസ്റ്റ് ഹൗസിന്റെ പുനരുദ്ധാരണത്തിന് 10.39 കോടിയുടെ പദ്ധതി അംഗീകരിച്ചു. 18 മാസത്തിനകം പൂർത്തിയാകും.
കന്യാകുമാരി കേരള ഹൗസിന്റെ നവീകരണത്തിന് 6.50 കോടി അനുവദിച്ചു.
ദിവസവും ധാരാളം സന്ദർശകർ എത്തുന്ന, ടൂറിസം വകുപ്പിന്റെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളാണിവ.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സ്റ്റാഫ് റൂമിനും ഡ്രൈവർമാരുടെ മുറിക്കും കാർ പാർക്കിംഗിനും കെട്ടിടം നിർമ്മിക്കും. കൂടാതെ പൊതുവായ നവീകരണത്തിന് 66 ലക്ഷം രൂപയ്ക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. നവീകരണത്തിലൂടെ സൗകര്യങ്ങൾ വർദ്ധിക്കുമെന്നും താമസം സുഖകരമാകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു