വിരമിച്ച മിനി ആന്റണിയെ കിഫ്ബി ഡെപ്യൂട്ടി സി.ഇ.ഒയാക്കാൻ നീക്കം

Wednesday 10 July 2024 1:55 AM IST

മൂന്ന് ലക്ഷം രൂപ മാസ ശമ്പളം

ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും

തിരുവനന്തപുരം: വിരമിച്ച സഹകരണ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് മൂന്ന് ലക്ഷം രൂപ മാസ ശമ്പളത്തിൽ പുനർനിയമനം നൽകാനുള്ള ശുപാർശ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കിഫ്ബിയിൽ ഡെപ്യൂട്ടി സി.ഇ.ഒ ആയി കരാർ നിയമനമാണ് ആലോചിക്കുന്നത്.

ധനവകുപ്പിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് നിയമനം വൈകുന്നത്. എന്നാൽ മന്ത്രിസഭ അംഗീകാരം നൽകാനാണ് സാദ്ധ്യത. കിഫ്ബി സി.ഇ.ഒ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹമാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.

വിരമിച്ച ഐ.എ.എസ്, ഐ.പി.എസുകാരെ വൻതുക വേതനം നൽകി പുനർനിയമിക്കുന്നതിനെതിരെ ധനവകുപ്പ് ശക്തമായ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മോശം സാമ്പത്തിക സ്ഥിതിയിൽ ഇത്തരം നിയമനങ്ങൾ പ്രായോഗികമല്ലെന്ന നിലപാടാണ് ധനവകുപ്പിന്.

ഇതിനകം മൂന്ന് ഡസനിലധികം പേരെയാണ് ഇത്തരത്തിൽ നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇത്തരം നിയമനങ്ങൾ നടന്നിരുന്നു. മുൻചീഫ് സെക്രട്ടറി വി.പി.ജോയി കേരള പബ്ളിക് എന്റർ പ്രൈസസ് ചെയർമാനാണ്.

ഇതേസമയം,​ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മാത്രമാണ് ഇതിന് അപവാദം. അദ്ദേഹം ആറാം ധനകാര്യകമ്മിഷൻ ചെയർമാൻ,​ സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് സി.എം.ഡി സ്ഥാനങ്ങൾ വഹിച്ചപ്പോൾ ഒരു രൂപ പോലും വേതനം കൈപ്പറ്റിയില്ല.

Advertisement
Advertisement