വിദ്യാർത്ഥിയുടെ മരണം കോളറ ബാധിച്ച്  സംഭവം തലസ്ഥാനത്ത്  ജാഗ്രതയിൽ ആരോഗ്യവകുപ്പ്

Wednesday 10 July 2024 1:21 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണം കോളറ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വഴുതൂർ ശ്രീകാരുണ്യ സ്‌പെഷ്യൽ സ്‌കൂളിന്റെ മരുതത്തൂരുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന വിതുര തൊളിക്കോട് മലയടി മുളമൂട്ടിൽ വീട്ടിൽ അനിൽകുമാർ- ഷീല ദമ്പതികളുടെ രണ്ടാമത്തെ മകൻ അനുവാണ് (26) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.

മരുതത്തൂരുള്ള ഹോസ്റ്റലിൽ ആകെ 65 കുട്ടികളാണുള്ളത്. ഇതിൽ 13 പേർ ചികിത്സയിലാണ്. ഇവരിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള പതിനൊന്നുകാരനും രോഗം സ്ഥിരീകരിച്ചു. മറ്രു 12 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പതിനൊന്നുകാരന്റെ സ്രവ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. തുടർന്ന് അനുവിന്റെ മരണകാരണവും കോളറയാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ലക്ഷണങ്ങൾ കണ്ട സ്‌പെഷ്യൽ സ്‌കൂളിലെ ചില കുട്ടികൾക്കും വിദഗ്‌ദ്ധ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. വീട്ടിൽ പോയവർക്കോ കുടുംബത്തിൽ ആ‌ർക്കെങ്കിലുമോ രോഗലക്ഷണം കണ്ടാൽ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

അനുവിന് ഭക്ഷ്യവിഷബാധയെന്നായിരുന്നു ആദ്യം സംശയിച്ചത്. വയറിളക്കവും ഛർദ്ദിയുമുണ്ടായിരുന്നു. വിബ്രിയോ കോളറ ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ന് പടരും. ലക്ഷണം മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാം.

 പ്രധാന ലക്ഷണം വയറിളക്കം

കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള വയറിളക്കമാണ് രോഗലക്ഷണം. ഛർദ്ദിയുമുണ്ടാകും. ഇതേത്തുടർന്ന് നിർജ്ജലീകരണമുണ്ടായി തളർന്നുവീഴും. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും.

ഭക്ഷണവും വെള്ളവും തുറന്നുവയ്ക്കരുത്

 കോളറയ്‌ക്ക് ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.

 മലിനജലവും ഭക്ഷണവും വഴിയാണ് പടരുന്നത്.

 രോഗാണു ശരീരത്തിലെത്തി മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം പകരും.

 തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
 ഭക്ഷണവും വെള്ളവും തുറന്നുവയ്ക്കരുത്.
 ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് കഴിക്കുക
 പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക
 മലമൂത്ര വിസർജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

ഉറവിടം കണ്ടെത്താൻ വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

രോഗലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയയ്ക്കും

-വീണാ ജോർജ്

ആരോഗ്യമന്ത്രി

Advertisement
Advertisement