അങ്കമാലിയിലെ നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്

Wednesday 10 July 2024 1:27 AM IST

അങ്കമാലി: നാലംഗ കുടുംബം കിടപ്പുമുറിയിൽ വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ജൂൺ എട്ടിന് പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവ് അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (എട്ട് ), ജസ്വിൻ (അഞ്ച് ) എന്നിവർ പൊള്ളലേറ്റ് മരിച്ചത്.

ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.

മുകളിലത്തെ മുറിയിൽ മാത്രം തീപിടിച്ചതിൽ പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു.

അന്വേഷണത്തിൽ ജൂൺ 6ന് ബിനീഷ് ആലുവ റോഡിലെ പമ്പിലെത്തി കാനിൽ നാലുലിറ്റർ പെട്രോൾ വാങ്ങിയതും അത് വീടിന് മുൻവശത്തെ ചെടികൾക്ക് മറവിൽ സൂക്ഷിച്ചതും കണ്ടെത്തി. ഏഴിന് രാത്രി 11.30 ഓടെ ബിനീഷ് താഴെ വന്ന് പെട്രോൾ എടുക്കുന്നതും കാറിൽ നിന്ന് ലൈറ്റർ എടുത്ത് കത്തിച്ചു നോക്കുന്നതുമായ സി.സി ടിവി ദൃശ്യവും ലഭിച്ചു.

അങ്കമാലിയിലെ ഹോൾസെയിൽ ജാതിക്ക കച്ചവടക്കാരനായിരുന്നു ബിനോയി. അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിഅയച്ച ജാതിക്കയുടെ പണം ലഭിക്കാനുണ്ടായിരുന്നു. മൂന്നര കോടിയുടെ ബാദ്ധ്യത ബിനോയിക്ക് ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കളുടെ മൊഴി.

സഹോദരനുമായി തർക്കമുണ്ടായിരുന്നതിനാൽ വീടും പറമ്പും വിൽക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഇതാകും കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.