ഓട്ടോയ്ക്ക് സ്റ്റേറ്റ് പെർമിറ്റ്: തീരുമാനം ഇന്ന്
തിരുവനന്തപുരം: ഓട്ടോകൾക്കും സ്റ്റേറ്റ് പെർമിറ്റ് നൽകുന്നത് ഇന്നത്തെ ട്രാൻസ്‌പോർട്ട് അതോറിട്ടി (എസ്.ടി.എ) യോഗം പരിഗണിക്കും. സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചാണ് അജൻഡയിൽ ഉൾപ്പെടുത്തിയത്.
നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോ പെർമിറ്റ് ലഭിക്കുന്നത്. സമീപ ജില്ലയിൽ പരമാവധി 20 കിലോമീറ്റർ അനുവദിക്കും. സംസ്ഥാന പെർമിറ്റിന് തടസ്സമുണ്ടെങ്കിൽ അയൽ ജില്ലയിൽ 40 കിലോമീറ്റർ വരെ ഓടാൻ അനുവദിക്കണമെന്ന ആവശ്യവും എസ്.ടി.എയുടെ മുന്നിലുണ്ട്.
പഴയ ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടായി വാഹനം നിറുത്തിയിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ദൂരം പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകളെ തുടർച്ചയായി എട്ടു മണിക്കൂർ ഓടിക്കാനാവുമെന്ന് ഡ്രൈവർമാർ പറയുന്നു.
ഡ്രൈവിംഗ് സ്കൂൾ
വാഹനം മഞ്ഞ
ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം നിർബന്ധമാക്കുന്നതും യോഗം തീരുമാനിക്കും. മുന്നിലും പിന്നിലും മഞ്ഞ നിറത്തിനാണ് ശുപാർശ. 6000 ഡ്രൈവിംഗ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. നിലവിൽ 'എൽ' ബോർഡും സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയാൻ മാർഗ്ഗം.