അതിഥി മന്ദിരങ്ങൾ മുഖം മിനുക്കുന്നു, കോഴിക്കോട്, ദേവികുളം യാത്രിനിവാസ് നവീകരണം ഉടൻ

Wednesday 10 July 2024 1:32 AM IST

പൊൻമുടിയിലെ പുതിയ ബ്ലോക്കിന് 99 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി 28.5 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പൊൻമുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്റെ ഇന്റീരിയർ ഫർണിഷിംഗിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ 99 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥിതിചെയ്യുന്ന യാത്രി നിവാസിന്റെ നവീകരണത്തിന് 9 കോടി അനുവദിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സ്റ്റാഫ് റൂമിനും ഡ്രൈവർമാരുടെ മുറിക്കും കാർ പാർക്കിംഗിനും വേണ്ടിയുളള കെട്ടിടം നിർമ്മിക്കും. പൊതുവായ നവീകരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുന്നതിനായി 66 ലക്ഷം രൂപയ്ക്കും ഭരണാനുമതി നൽകി.
ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നൽകിയത്. കൊല്ലത്തെ ഗസ്റ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 10.39 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. കന്യാകുമാരിയിലെ കേരളാ ഹൗസിന്റെ നവീകരണത്തിന് 6.50 കോടിയും അനുവദിച്ചു. നവീകരണ പ്രവർത്തനങ്ങളിലൂടെ ഗസ്റ്റ് ഹൗസുകളിലെ താമസം കൂടുതൽ സുഖകരമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സമയപരിധിക്കുളളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും പറഞ്ഞു.