മുളങ്കുന്നത്തുകാവിൽ ഗോഡൗണിൽ വൻതീപിടിത്തം: ഒരാൾ മരിച്ചു, നാലുപേരെ രക്ഷപ്പെടുത്തി

Wednesday 10 July 2024 4:33 AM IST

മുളങ്കുന്നത്തുകാവ്: തൃശ‌ൂർ മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയിൽ ടൂവീലർ സ്‌പെയർപാർട്‌സ് ഗോഡൗണിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. നാലുപേരെ രക്ഷിച്ചു. പാലക്കാട് നെന്മാറ സ്വദേശി ലിബിനാണ് മരിച്ചത്. തീപടർന്ന സമയത്ത് ലിബിൻ ബാത്ത്‌റൂമിലായിരുന്നെന്നാണ് നിഗമനം.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു തീപിടിത്തമുണ്ടായത്.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഇവിടെ വെൽഡിംഗ് ജോലിക്കെത്തിയ തൊഴിലാളിയാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ അവിടെയുണ്ടായിരുന്നില്ല.

വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.

തൃശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി ആറ് യൂണിറ്റ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ട്. ഇടുങ്ങിയ വഴിയായതിനാൽ വലിയ വാഹനങ്ങൾ ഇവിടെയെത്താൻ ബുദ്ധിമുട്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എന്നാൽ രാത്രിയോടെ നല്ല മഴ പെയ്തത് രക്ഷാപ്രവർത്തനത്തിന് സഹായകമായി.

Advertisement
Advertisement