കേരള ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടി
തിരുവനന്തപുരം : കേരള ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടിയായി ഉയർന്നെന്ന് മന്ത്രി വി .എൻ. വാസവൻ നിയമസഭയെ അറിയിച്ചു. രൂപീകരണത്തിന് ശേഷമുള്ള റെക്കാഡ് പ്രവർത്തന ലാഭമാണിത്.
കേരള ബാങ്കിൽ ഏകീകൃത ബാങ്കിംഗ് സോഫ്റ്റ്വെയർ നടപ്പാക്കിയിട്ടുണ്ട്. എല്ലാവിധ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാണ്. പ്രാഥമിക സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം മൾട്ടി സൊസൈറ്റികൾക്കും, നിധികൾക്കും പ്രവർത്തനാനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 2023–-24 സാമ്പത്തിക വർഷം നിക്ഷേപ സമാഹാരത്തിലൂടെ 1208 കോടി ലഭ്യമായി. 105 കാർഷിക സംഘങ്ങൾക്ക് 201 കോടി കാർഷിക വായ്പ നൽകി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സമയോചിതമായി കേരള ബാങ്കിൽ ലയിക്കാതിരുന്നതാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. ലയന ശേഷം ഇത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
20688 കുടിശിക
വായ്പകൾക്ക് ഇളവ്
പ്രാഥമിക സഹകരണസംഘങ്ങളിൽ നിന്ന് സാധാരണക്കാരെടുത്ത വായ്പാ കുടിശികയിൽ നടപ്പ് സാമ്പത്തിക വർഷം 20688 വായ്പകൾക്ക് ഇളവ് നൽകി.. മനപൂർവം വരുത്തുന്ന കുടിശിക പിരിച്ചെടുക്കുന്നതിന് സർഫാസി ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുന്നുണ്ട്. കാർഷികവായ്പകൾ നിലവിലുള്ള മൊത്തം വായ്പകളുടെ 24.65 ശതമാനമെന്നത് 30 ശതമാനമായി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നു.
വിഴിഞ്ഞത്ത് 693
തൊഴിൽ നൽകി
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 693 പ്രദേശവാസികൾക്ക് തൊഴിൽലഭ്യമാക്കി. തുറമുഖവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളിൽ 2016 മുതൽ 2024 വരെ 14848 പേർക്ക് പ്രവേശനം നൽകി. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കേന്ദ്രത്തിന്റെ അംഗീകാരമുള്ള കോഴ്സുകളിൽ 1320 പേർ പരിശീലനം പൂർത്തിയാക്കി. 2024 ൽ പുതുതായി തുറമുഖാനുബന്ധ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. ഇവയിൽ പരിശീലനം നേടുന്നവർക്ക് വിഴിഞ്ഞം ഉൾപ്പടെ തുറമുഖങ്ങളിൽ ജോലി നേടാം.
വൈദ്യുതി ചാർജ് ;
കെ.എസ്.ഇ.ബിക്ക്
കിട്ടാൻ 2301.69 കോടി
തിരുവനന്തപുരം: വൈദ്യുതി ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടാനുള്ളത് 2301.69 കോടിയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
576.57 കോടി കേസുമായി ബന്ധപ്പെട്ട് പിരിഞ്ഞു കിട്ടാനുള്ള കുടിശികയാണ്. സർക്കാർ വകുപ്പുകൾ 172.75 കോടിയും പൊതുമേഖലാ സ്ഥാപനങ്ങൾ 338.70 കോടിയും നൽകാനുണ്ട്. 188.29 കോടിയാണ് ജല അതോറിറ്റിയുടെ കുടിശിക. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 67.39 കോടിയും നൽകണം. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 1009.74 കോടിയും ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 370.86 കോടിയും പിരിച്ചെടുക്കാനുണ്ട്.